തൃശൂര്‍: പൂരനഗരിയിലെ മറ്റൊരു ദൃശ്യവിസ്മയമായി മാറുന്ന ബൊണ്‍നതാലെ പ്രദര്‍ശനത്തിലേക്ക് ഇക്കുറി വരവേല്‍ക്കുന്നത് ആനയുടെ മസ്തകത്തിലേക്ക് കയറുന്ന ബാഹുബലി. തൃശൂര്‍ ശക്തന്‍ നഗറിലാണ് കൗതുക കാഴ്ചകളുടെ ഒരു കൊട്ടാരവും അതിനു മുന്നില്‍ ചലിക്കുന്ന ആനയുടെ തുമ്പിക്കൈയിലൂടെ മസ്തകത്തിലേക്കു ചവിട്ടിക്കയറുന്ന ബാഹുബലിയും വിസ്മയം തീര്‍ക്കുന്നത്. 

മനോഹരമായ ബാഹുബലി കവാടത്തിന് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാനും സെല്‍ഫിയെടുക്കാനുമുള്ള തിരക്ക് പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പേ തന്നെ ആരംഭിച്ചിരുന്നു. ബുധനാഴ്ചയാണ് പ്രദര്‍ശനത്തിന് തുടക്കമായത്. ക്രിസ്മസ് അവധി തുടങ്ങിയതോടെ തിരക്കിലേക്ക് കടന്നു. ക്രിസ്മസിനോടനുബന്ധിച്ച് 27 നാണ് തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ബോണ്‍ നതാലെ കരോള്‍ ഘോഷയാത്ര. അതിന്റെ വിളംബരമായാണ് ബോണ്‍നതാലെ പ്രദര്‍ശനം. കൊട്ടാരസമാനമായ കവാടത്തിനകത്തു കയറിയാലും ബാഹുബലി മ്യൂസിയമാണ്. ബാഹുബലി സിനിമാ സെറ്റിലെ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ടെന്നതാണ് കൗതുകം കൂടുന്നത്. സിനിമയിലെ പത്തു സീനുകളുടെ രംഗാവിഷ്‌കാരം മികച്ച കലാകാരന്മാരാണ് സജ്ജമാക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി പുതുമയുളള പ്രമേയവുമായി പ്രദര്‍ശന നഗരി ഒരുക്കുന്ന പി.എസ്. ബാബുവിന്റെ നേതൃത്വത്തിലാണ് പ്രദര്‍ശന നഗരി ഒരുക്കിയിരിക്കുന്നത്.

റോബോട്ടിക് അനിമല്‍സ് പവലിയനിലെ ചലിക്കുന്ന മൃഗങ്ങള്‍ ഒരനുഭവമാണ്. ഹൊറര്‍ ഹൗസ് എന്ന പേടിപ്പിക്കുന്ന ബംഗ്ലാവും കൊട്ടാരത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഭയമില്ലാത്ത താല്‍പര്യക്കാര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്നാണ് സംഘാടകരുടെ നിബന്ധന. എല്ലാവരേയും ഹരം കൊള്ളിക്കുന്ന ക്ലിക്ക് ആര്‍ട്ട് മ്യൂസിയമാണ് മറ്റൊന്ന്. മുപ്പതിലേറെ ത്രീഡി ചിത്രങ്ങളാണ് ഈ സെല്‍ഫി കോര്‍ണറില്‍ സജ്ജീകരിച്ചിരിക്കുന്നത്. മദര്‍ തെരേസ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രമെടുക്കാനും മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ കൈയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്ന ഫോട്ടോ തരപ്പെടുത്താനും കഴിയുന്ന സെറ്റുകള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. ണലില്‍ ഒരുക്കിയ ശില്‍പങ്ങളുടെ പവലിയനും കൗതുകം പകരും. ബാഹുബലയിലെ ശില്‍പങ്ങളാണു മണലില്‍ സജ്ജമാക്കിയിരിക്കുന്നത്. അനേകം വാണിജ്യ സ്ഥാപനങ്ങളും ഫുഡ് കോര്‍ട്ടും അമ്യൂസ്‌മെന്റ് പാര്‍ക്കും ത്രീഡി ഷോയും ബോണ്‍ നതാലെ പ്രദര്‍ശന നഗരിയില്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രദര്‍ശന നഗരിയിലെ ഓഡിറ്റോറിയത്തില്‍ വൈകുന്നേരങ്ങളില്‍ കലാവിരുന്നും ഉണ്ടാകും.