''നിങ്ങള്‍ക്ക് എന്ത് പറ്റി ? എന്തെങ്കിലും പ്രശ്നമുണ്ടോ ? എനിക്ക് നിങ്ങളുടെ കാലുകളിലൊന്ന് തല്ലിയൊടിക്കാനും ഒരു വീല്‍ച്ചെയര്‍ നല്‍കാനും കഴിയും''

കൊല്‍ക്കത്ത: മന്ത്രിയുടെ പരിപാടിയ്ക്കെത്തിയ ആളുടെ 'കാല്‍ തല്ലിയൊടിക്കു'മെന്ന് പൊതുവേദിയില്‍ വച്ച് ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ വിവാദത്തില്‍. ഭിന്നശേഷിക്കാര ആളുകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പൊതുപരിപാടിയ്ക്കിടെയായിരുന്നു മന്ത്രിയുടെ ഭീഷണി. ബംഗാളിലെ അസന്‍സോളില്‍വച്ച് ചൊവ്വാഴ്ച നടന്ന ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ നല്‍കുന്ന ചടങ്ങില്‍ ആയിരുന്നു സംഭവം. 

ചടങ്ങിനിടെ സദസ്സിലിലുന്ന ഒരാള്‍ ഇടയ്ക്കിടെ എഴുന്നേറ്റത് മന്ത്രിയെ ചൊടിപ്പിച്ചു. എങ്ങോട്ടാണ് പോകുന്നത് സീറ്റില്‍ ഇരിക്കണം എന്നൊക്കെ ബാബുള്‍ സുപ്രിയോ പറയുന്നുണ്ടായിരുന്നു. തുടര്‍ന്നും ഇയാള്‍ എഴുന്നേറ്റത് മന്ത്രിയെ അസ്വസ്ഥനാക്കി. 

''നിങ്ങള്‍ക്ക് എന്ത് പറ്റി ? എന്തെങ്കിലും പ്രശ്നമുണ്ടോ ? എനിക്ക് നിങ്ങളുടെ കാലുകളിലൊന്ന് തല്ലിയൊടിക്കാനും ഒരു വീല്‍ച്ചെയര്‍ നല്‍കാനും കഴിയും'' എന്നായിരുന്നു മന്ത്രിയുടെ ഭീഷണി. വീണ്ടും എഴുന്നേറ്റ ഇയാളുടെ കാല്‍ തല്ലിയൊടിക്കാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

Scroll to load tweet…

തുടര്‍ന്ന് സദസ്സിലിരിക്കുന്നവരോട് കയ്യടിക്കാനും ആവശ്യപ്പെട്ടു. സംഭവം വിവാദമായിരിക്കുകയാണ്. മന്ത്രി ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് സുപ്രിയോ ബാബുളിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.