കുട്ടിയാനയെ തിരഞ്ഞ് കാട്ടാനക്കൂട്ടം പിന്നാലെയെത്തി

നിലമ്പൂർ: മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന കുട്ടിയാനയെ രക്ഷപ്പെടുത്തി. മലപ്പുറം കരുളായിയിലെ യുവാക്കളാണ് അതിസാഹസികമായി ആനയെ രക്ഷപ്പെടുത്തിയത്. കരിമ്പുഴയിലൂടെ ഒഴുകിവന്ന കുട്ടിയാനയെ പിന്നീട് വനപാലകരുടെ നേതൃത്വത്തിൽ കാട്ടാനക്കൂട്ടത്തോടൊപ്പം തിരിച്ചയച്ചു. 

ഒരു വയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനാണ് കരുളായി ഉള്‍വനത്തിലെ കരിമ്പുഴയിലൂടെ ഒഴുകിവന്നത്. കുട്ടിയാന ഒഴുകി വരുന്നത് കണ്ട നെടുങ്കയം ആദിവാസി കോളനിയിലെ യുവാക്കളാണ് മഴയെ അവഗണിച്ചും കുഞ്ഞു കൊമ്പനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്.

കരയിലെത്തിയപ്പോൾ കുതറിയോടൻ ശ്രമിച്ച കുട്ടിയാനയെ മരക്കുറ്റിയിൽ കെട്ടിയിട്ടെങ്കിലും കാട്ടാനക്കൂട്ടത്തെ കാണാതെ അസ്വസ്ഥനായി. കെട്ട് പൊട്ടിച്ചോടാനുള്ള സകല ശ്രമങ്ങളും നടത്തിയ കുട്ടിയാന ചുറ്റും കൂടിനിന്നവരോട് ഇടക്ക് കുറുമ്പ് കാട്ടുകയും ചെയ്തു. 

ഇതിനിടെ വിവരമറിഞ്ഞ് നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരുടെ സംഘമെത്തി. മൃഗഡോക്ടര്‍ ആനക്കുട്ടിയെ പരിശോധിച്ച് പൂര്‍ണ ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തി. അപ്പോഴേക്കും കുട്ടിയാനയെ കാത്ത് കാട്ടാനക്കൂട്ടം വനത്തിനകത്ത് തമ്പടിച്ചിട്ടുണ്ടെന്ന് സമീപവാസികള്‍ വനപാലകരെ അറിയിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ വി.സജികുമാറിന്‍റെ നേതൃത്വത്തില്‍ കുട്ടിക്കൊമ്പനെ ആനക്കൂട്ടത്തിന് എത്തിച്ചു. നഷ്ടപ്പെട്ട കുട്ടിക്കൊമ്പനെ തിരികെ കിട്ടിയതോടെ കാട്ടാനക്കൂട്ടം കാടു കയറി.