വയനാട്: എവിടെ നിന്ന് നോക്കിയാലും മനോഹരം. 1570 നര്‍ത്തകരും ഒരേ താളത്തില്‍ നൃത്തം ചെയ്ത് കയറിയതാകട്ടെ ലോക റെക്കോര്‍ഡിലേക്കും. നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അധികൃതരാണ് തമിഴ്‌നാട്ടിലെ ബഡുഗ സമുദായത്തിന്റെ തനത് കലരൂപമായ ബഡൂഗ നൃത്തം സംഘടിപ്പിച്ച് ലോക റെക്കോര്‍ഡിട്ടത്. 

എലൈറ്റ് ബുക്ക് ഓഫ് പ്രതിനിധി അമീത് ഹിന്‍ഗൊറോണിയാണ് കോളേജ് അധികൃതര്‍ക്ക് മുമ്പില്‍ ലോക റെക്കോര്‍ഡ് പ്രഖ്യാപനം നടത്തിയത്. പതിഞ്ഞതെങ്കിലും ആവേശംമുറ്റുന്ന ചുവടുകള്‍ ഇത്രയും പേര്‍ അവതരിപ്പിച്ചത് കാണികള്‍ കൗതുകത്തോടെയാണ് വീക്ഷിച്ചത്. തമിഴ്‌നാട്ടിലെ ഉത്സവങ്ങള്‍ക്കും സ്‌റ്റേജ് ഷോകളിലും ബഡൂഗ നൃത്തം പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും പേര്‍ ഒരുമിച്ച് പരാപിടി അവതരിപ്പിക്കുന്നത്. 

കോളേജ് വിദ്യാര്‍ഥികളും സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളും ദിവസങ്ങളോളം നീണ്ട പരിശീലനത്തിന് ശേഷമാണ് മെഗാനൃത്തം സംഘടിപ്പിച്ചത്. താളൂരിലെ കോളേജ് മൈതാനത്ത് സംഘടിപ്പിച്ച പരിപാടി കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. ഗോത്രകലാരൂപത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം. ദൊരൈ പറഞ്ഞു.