എണ്ണവിപണിയിലെ പ്രതിസന്ധി തിരിച്ചറിഞ്ഞ് ഇതര മേഖലകളിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ്  ഇളവുകള്‍

മനാമ: അന്താരാഷ്ട്ര നിക്ഷേപം ആകർഷിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ വിസ ചട്ടങ്ങള്‍ ഉദാരമാക്കുന്നു. വിദേശ നിക്ഷേപകര്‍ക്കും വിദഗ്ദ തൊഴിലാളികള്‍ക്കും 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കാന്‍ നേരത്തെ യു.എ.ഇ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ബഹറിനും ഈ വഴിക്ക് നീങ്ങുകയാണ്. 

രാജ്യത്ത് നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 10 വര്‍ഷത്തേക്ക് വിസ അനുവദിക്കാന്‍ ബഹറിന്‍ തീരുമാനമെടുത്തു. ഇങ്ങനെ രാജ്യത്തേക്ക് വരുന്നവര്‍ക്ക് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ തങ്ങാനുമാവും. ഇതിനാവശ്യമായ നിയമനിർമ്മാണം നടത്താന്‍ ബഹറിന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. നിലവില്‍ ബഹറിനില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തൊഴിലുടമ വഴി ഹ്രസ്വ കാലത്തേക്കുള്ള വിസയാണ് അനുവദിക്കുന്നത്. പരമാവധി മൂന്ന് വര്‍ഷത്തേക്കാണ് ഇങ്ങനെ വിസ ലഭിക്കുന്നത്. 

എണ്ണവിപണിയിലെ പ്രതിസന്ധി തിരിച്ചറിഞ്ഞ് ഇതര മേഖലകളിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് ഇത്തരം ഇളവുകള്‍. യുഎഇക്കും ബഹറിനും പിന്നാലെ മറ്റ് രാജ്യങ്ങള്‍ കൂടി വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള കൂടുതല്‍ പദ്ധതികളുമായി രംഗത്തെത്തുമെന്നാണ് കരുതപ്പെടുന്നത്.