Asianet News MalayalamAsianet News Malayalam

ശബരിമല സംഘര്‍ഷം; അറസ്റ്റിലായ 15 പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമസംഭവങ്ങളില്‍  അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയിരുന്നു

bail application of 15 people who protest against supreme court verdict in sabarimala in highcourt today
Author
Kochi, First Published Nov 7, 2018, 7:04 AM IST

കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 15 പേർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പ്രതികൾക്കെതിരായ ദൃശ്യങ്ങളടക്കമുളള തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് ആദ്യം കോടതിയെ സമീപിച്ച തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസദനന്‍റെ ഹർജിയിൽ ഇന്ന് ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് ഉറപ്പുളളവരെ മാത്രമേ അറസ്റ്റുചെയ്യാൻ പാടുളളുവെന്ന് നേരത്തെ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമസംഭവങ്ങളില്‍  അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. നിയമം കയ്യിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാലത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ശബരിമലയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂവായിരത്തി എഴുന്നൂറിലേറെ പേര്‍ അറസ്റ്റിലായെന്നാണ് കണക്ക്.

നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  

Follow Us:
Download App:
  • android
  • ios