മസ്കറ്റ്: വലിയ പെരുനാളിനു രണ്ടു ദിവസം ബാക്കി നില്‍ക്കേ,ഒമാനിലെ പ്രധാനപെട്ട കന്നുകാലി ചന്തകളില്‍ നല്ല തിരക്കാണ് അനുഭവപെടുന്നത്. ബലിമൃഗമായി അറുക്കുവാനുള്ള ആടുകളില്‍ സ്വദേശി ഇനം ആടുകള്‍ക്കാണ് കൂടുതല്‍ പ്രിയം. ഒമാന്റെ ഉള്‍പ്രദേശങ്ങളായ ശര്‍ഖിയ,ദാഖിലിയ എന്നിവടങ്ങളില്‍ വളര്‍ത്തുന്ന ആടുകളെ വില്‍ക്കുവാനായി സ്വദേശികള്‍ കഴിഞ്ഞ 4 ദിവസത്തിന് മുന്‍പേ തന്നെ മസ്‌കറ്റിലെ വാദി കബീര്‍ മാര്‍ക്കറ്റില്‍ എത്തി കഴിഞ്ഞു.

200 മുതല്‍ 300 ഒമാനി റിയാല്‍ വരെയാണ് നല്ല ഒമാനി ആടുകളുടെ വില.ഇടത്തരം ആടുകള്‍ക്ക് 200 മുതല്‍ 260 ഒമാനി റിയല്‍ വരെ നല്‍കേണ്ടി വരും.100 ഒമാനി റിയാല്‍ മുതല്‍ 180 റിയാല്‍ മുടക്കിയാല്‍ സോമാലിയ, ജിബൂട്ടി, എത്യോപ്യ എന്നിവടങ്ങളില്‍ നിന്നും എത്തിയിട്ടുള്ള ആടിനെയും ലഭിക്കും.ഒമാനിലെ ഖുറിയാത്, ഇബ്ര തുടങ്ങിയ പ്രദേശങ്ങളില്‍ വളര്‍ത്തുന്ന സ്വാദേശി ഇനം ആടുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറേയും, ഇതിനു വിലയും കൂടുതലാണ്.

മറ്റു പലചരക്കു സാധങ്ങള്‍ വില്‍ക്കുന്ന പരമ്പരാഗത സൂക്കുകളിലും സ്വദേശികളുടെ നല്ല തിരക്കാണ് അനുഭവപെടുന്നത്.വാദികബീര്‍ കന്നുകാലി ചന്തക്കു പുറമെ, സീബ്, ബഹല, റുസ്തക്ക്, നിസ്‌വ തുടങ്ങിയ സൂക്കുകളിലും ബലി മൃഗങ്ങളെ വാങ്ങുവാന്‍ സ്വദേശികളുടെ നല്ല തിരക്കാണ് ഉള്ളത്.