ഈ ആഴ്ച അവസാനം ഇവരെ റൂമിലേക്ക് മാറ്റാന്‍ കഴിയുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്ക് ഇപ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ പറ്റുന്നുണ്ട്.

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയെ വെന്‍റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റി. ഇതേ രീതിയില്‍ ആരോഗ്യനില പുരോഗിക്കുകയാണെങ്കില്‍ ഈ ആഴ്ച അവസാനം ഇവരെ റൂമിലേക്ക് മാറ്റാന്‍ കഴിയുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്ക് ഇപ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ പറ്റുന്നുണ്ട്. ദ്രവഭക്ഷണം ഇപ്പോള്‍ കഴിക്കാന്‍ പറ്റുന്നുണ്ട്.

ബാലഭാസ്കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണം അവരെ അറിയിച്ചിട്ടില്ല. അതു പോസിറ്റീവ് ആയി നമുക്ക് കാണാം. ലക്ഷ്മിയെ ബാലയുടെ കുടുംബവും അവരുടെ കുടുംബവും ഈ വിവരങ്ങളെല്ലാം അറിയിക്കേണ്ടതുണ്ട്. ലക്ഷ്മിക്ക് ഇതെല്ലാം കേള്‍ക്കാനുള്ള ആത്മധൈര്യം ഉണ്ടാകട്ടെ എന്നു നമുക്ക് പ്രാർഥിക്കാം. ലക്ഷ്മിക്ക് എങ്ങനെ താങ്ങാന്‍ പറ്റുമെന്ന് അറിയില്ല. ബാലുവിനെ സ്നേഹിക്കുന്നവരെല്ലാം പ്രാർഥിക്കും- നേരത്തെ ബാലഭാസ്കറിന്‍റെ സുഹൃത്ത് സ്റ്റീഫന്‍ ദേവസ്യ വ്യക്തമാക്കിയിരുന്നു.

കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25നായിരുന്നു ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. ആയിരങ്ങളെ സാക്ഷിയാക്കി മൂന്നിന് ബാലഭാസ്കറിന്‍റെ സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നിരുന്നു. യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലുമായി പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ബാലുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

ലക്ഷ്മിക്കൊപ്പം വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടമുണ്ടായത്. ബാലഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അര്‍ജുന്‍ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.