തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന് ആദരമർപ്പിച്ച് സുഹൃത്ത് സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് സംഗീതാർച്ചന. ബാലഭാസ്കർ സ്മൃതി എന്ന പേരിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാലഭാസ്കറിന്‍റെ അച്ഛൻ സി കെ ഉണ്ണിയും ചടങ്ങിനെത്തിയിരുന്നു 

മകനെ നഷ്ടമായ ശേഷം ആദ്യമായാണ് ബാലഭാസ്കറിന്‍റെ അച്ഛൻ സി കെ ഉണ്ണി ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ കെ ബാലനും ഒപ്പം അദ്ദേഹവും നിലവിളക്ക് കൊളുത്തി. ബാലുവിനായി അദ്ദേഹത്തിന്‍റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുമിട്ടാണ് പ്രിയ സുഹൃത്ത് സ്റ്റീഫന്‍ ദേവസി എത്തിയത്. 

സ്റ്റീഫനിലൂടെ ബാലുവിന്‍റെ പ്രിയപ്പെട്ട ഈണങ്ങള്‍ നിറഞ്ഞ സദസിലേക്ക് എത്തുകയായിരുന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍റെ പ്രതിമാസ പരിപാടി സംസ്കൃതി സാംസ്കാരികോത്സവത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.