കോഴിക്കോട്: ബാര്‍ കോഴ കേസില്‍ കെ.എം. മാണിയോടുള്ള സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കണമെന്ന ആവശ്യം പരോക്ഷമായി ഉന്നയിച്ച് ആര്‍. ബാലകൃഷ്ണപിള്ള. ബാര്‍ കോഴ കേസില്‍ പുനരന്വേഷണം നടന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുമെന്നു ബാലകൃഷ്ണ പിള്ള പറഞ്ഞു. കേസിലെ വിജിലന്‍സിന്റെ നിലപാട് ഉപാധികളോടെയുള്ളതാണെന്നും പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബാര്‍കോഴ കേസില്‍ തുടരന്വേഷണം നടത്താമെന്ന നിയമോപദേശമാണു വിജിലന്‍സ് ഡയറക്ടര്‍ക്കു കിട്ടിയത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തുടരന്വേഷണത്തിന്റെ സാധ്യതയില്ലെന്നും, പുതിയ തെളിവുകള്‍ കിട്ടിയാല്‍ അന്വേഷിക്കാമെന്നുമുള്ള നിലപാടിലാണു വിജിലന്‍സ്. കേസില്‍ തുടരന്വേഷണം നടത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന് ബാലകൃഷ്ണപിള്ള പറയുന്നു.

ബാര്‍ കോഴ കേസിലെ സര്‍ക്കാര്‍ നിലപാട് വിമര്‍ശന വിധേയമായ സാഹചര്യത്തിലാണു ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. കേസിലെ പരാതിക്കാരനായ തനിക്കു കോഴ ഇടപാടിലെ മാണിയുടെ പങ്കു വ്യക്തമായി അറിയാമെന്നു പറയുന്നതുവഴി, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന ആവശ്യം കൂടിയാണു ബാലകൃഷ്ണപിള്ള മുന്നോട്ടുവയ്ക്കുന്നത്.