ഫേസ്ബുക്കിലൂടെ പ്രണയം ബംഗ്ലാദേശി യുവാവ് വയനാട്ടിൽ കുടുങ്ങി മൂന്ന് മാസമായി താമസം പൊലീസ് സ്റ്റേഷനിൽ നാട്ടിലേക്ക് മടങ്ങാൻ നടപടിയായില്ല കേന്ദ്രസർക്കാരിന് കത്തയച്ചു

വയനാട്: ഫേസ്ബുക്കിലൂടെ പ്രണയത്തിലായ യുവതിയെ തേടി, രേഖകൾ ഒന്നുമില്ലാതെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശി യുവാവ് മൂന്ന് മാസമായി വയനാട് മേപ്പാടി പൊലീസ് സ്റ്റേഷനിൽ കഴിയുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള അനുമതിക്കായി എംബസികളെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയായില്ല.

ബംഗ്ലാദേശിലെ മദിരുപൂർ സ്വദേശിയായ ജഹിദുൾഖാൻ രണ്ടര വർഷം മുമ്പാണ് മേപ്പാടിയിലെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസവും തുടങ്ങി. പക്ഷേ പാസ്പോർട്ടും വിസയുമടക്കം ഒരു രേഖയുമില്ലാത്തതിനാൽ പൊലീസ് പിടികൂടി. അനധികൃത താമസത്തിന് കോടതി രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചു.

 ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ യുവതിയും കയ്യൊഴിഞ്ഞു. രേഖകളില്ലാത്ത വിദേശ പൗരന്റെ സംരക്ഷണച്ചുമതല പൊലീസിനായി. എംബസികളെ വിവരമറിയിച്ച് തീരുമാനം കാക്കുകയാണ് മേപ്പാടി പൊലീസ്. പൊലീസുകാർ
പിരിവെടുത്താണ് ഭക്ഷണം നൽകുന്നത്. ജഹിദുൾഖാനെ തിരിച്ചയക്കാൻ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാമതും എംബസിയെ സമീപിച്ചിരിക്കുകയാണ് പൊലീസ് ഇപ്പോൾ.