കോഴിക്കോട്: ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച് എക്സൈസന് നടത്തുന്ന പരിശോധന താളംതെറ്റി. പരിശോധനയ്ക്കായി എടുക്കുന്ന മദ്യ സാമ്പിളുകള്‍ക്ക് എക്സൈസ് കാശുകൊടുക്കണമെന്ന ഉത്തരവ് വന്നതിന് ശേഷമാണിത്. ശേഖരിക്കുന്ന സാമ്പിളിന് പലപ്പോഴും എക്സൈസ് ഉദ്യോഗസ്ഥര്‍ കൈയില്‍ നിന്ന് കാശു കൊടുക്കേണ്ട അവസ്ഥ വന്നതോടെയാണ് പരിശോധന വല്ലപ്പോഴും മാത്രമായത്.
മദ്യത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാനാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ബാറുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാറ്. വെള്ളം ചേര്‍ത്തോ മറ്റോ മദ്യം വില്‍ക്കുന്നുണ്ടോ എന്നാണ് പ്രധാനമായും ഇങ്ങനെ പരിശോധിക്കാറ്. വിദേശ മദ്യത്തില്‍ ചുരുങ്ങിയത് 42.86 ശതമാനം മദ്യ അംശം ഉണ്ടായിരിക്കണമെന്നാണ് നിയമം. ഇതില്‍ മൂന്ന് ശതമാനം കുറഞ്ഞാല്‍ കുറ്റകരമാണ്. അതായത് 39.86 ശതമാനത്തിലും കുറവായാല്‍ 25,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കാം.
എക്സൈസ് ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ ബാറുകളില്‍ നിന്ന് മദ്യത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിശോധനകള്‍ ചടങ്ങ് മാത്രമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ബാറുകളില്‍ നിന്ന് എടുക്കുന്ന സാമ്പിളുകള്‍ക്ക് എക്സൈസ് കാശു കൊടുക്കണമെന്ന നിയമം 2013 ല്‍ പ്രാബല്യത്തില്‍ വന്നതോടെയാണിത്. പലപ്പോഴും സാമ്പിള്‍ എടുക്കുന്ന ഉദ്യോഗസ്ഥന്‍ തന്നെ കൈയില്‍ നിന്ന് കാശു കൊടുക്കേണ്ട അവസ്ഥയാണത്രെ.
600 മില്ലീലിറ്ററാണ് പരിശോധനയ്ക്കായി ശേഖരിക്കേണ്ടത്. ഇതില്‍ 200 മില്ലീ ലിറ്റര്‍ ലാബില്‍ പരിശോധനയ്ക്ക് അയക്കും 200 മില്ലി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില് സൂക്ഷിക്കും. ബാക്കിയുള്ള 200 മില്ലീ ലിറ്റര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്ത് ബാറില്‍ തന്നെ ഏല്‍പ്പിക്കും. പരിശോധനാ ഫലത്തില്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ വീണ്ടും പരിശോധന നടത്താനാണ് ഒരു സാമ്പില്‍ ബാറില്‍ തന്നെ ഏല്‍പ്പിക്കുന്നത്. ഇങ്ങനെ ബാറില്‍ സൂക്ഷിക്കുന്ന സാമ്പിളിന്‍റെ വരെ കാശ് എക്സൈസ് കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോഴത്തെ നിയമത്തില്‍.
ഗുണനിലവാര പരിശോധനയ്ക്ക് വരെ കാശ് കൊടുക്കേണ്ട അവസ്ഥയില്‍ എങ്ങനെ കൃത്യതയോടെ ജോലി ചെയ്യാന്‍ കഴിയുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം.
