തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി സിപിഐയിലെ ബീന മുരളി വിജയിച്ചു. ബീനയ്ക്ക് 26 വോട്ടും കോണ്‍ഗ്രസിലെ ജോണ്‍ ഡാനിയലിന് 23 വോട്ടും ലഭിച്ചു. ബിജെപിയുടെ ആറ് കൗണ്‍സിലര്‍മാരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

എല്‍ഡിഎഫ് ധാരണയനുസരിച്ച് സിപിഎമ്മിലെ വര്‍ഗീസ് കണ്ടംകുളത്തി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കളക്ടര്‍ ഇന്‍ ചാര്‍ജ് സി വി സജന്‍ വരണാധികാരിയായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോണ്‍ ഡാനിയലിന്റെ പത്രിക തള്ളണമെന്ന മുന്‍ ഡെപ്യൂട്ടി വര്‍ഗീസ് കണ്ടംകുളത്തിയുടെ വാദം വരണാധികാരി തള്ളി. ജോണ്‍ ഡാനിയല്‍ സ്റ്റാന്റിങ് കമ്മിറ്റിയില്‍ അംഗമാണെന്ന കാരണം നിരത്തിയായിരുന്നു വിഷയാവതരണം. തുടര്‍ന്ന് വോട്ടെടുപ്പിന് നിര്‍ദ്ദേശിക്കുകയായിരുന്നു.

സിപിഐ തൃശൂര്‍ മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാസംഘം ജില്ലാ നേതാവുമാണ് ബീന മുരളി. കൃഷ്ണാപുരം ഡിവിഷനില്‍ നിന്നാണ് ബീന കൗണ്‍സിലിലെത്തിയത്. ചൊവ്വാഴ്ച നടന്ന വികസനകാര്യ സ്റ്റാന്‍്ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ജനതാദളില്‍ നിന്നുള്ള ഷീബ ബാബുവും വിജയിച്ചിരുന്നു.