ദാരിദ്രരേഖയ്‍ക്കു താഴെയുള്ള ദളിത് കുടുംബങ്ങള്‍ക്ക് കാസര്‍ഗോട് ബെള്ളൂര്‍ പഞ്ചായത്തിന്‍റെ ജപ്തി ഭീഷണി. അഞ്ചു വര്‍ഷത്തെ വീട്ടു നികുതി മുന്‍കാല പ്രാബല്യത്തോടെ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്നാണ് ഭീഷണി. 660 ചതുരശ്ര അടി വരെ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് നികുതി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ്, നോട്ട് പ്രതിസന്ധി മൂലം വലയുന്ന പാവപ്പെട്ടവര്‍ക്കുമേല്‍ പഞ്ചായത്തിന്‍റെ ഈ കൊള്ള.
ബെള്ളൂര്‍ കോളിയടുക്ക പട്ടികജാതി കോളനിയിലെ ഗീതയ്‍ക്കു കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിന്‍റെ ജപ്തി ഭീഷണി നോട്ടീസ് കിട്ടിയത്. അഞ്ചു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തടെ 1072 രൂപ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അടക്കണമെന്നും വീഴ്ച വരുത്തിയാല്‍ ജപ്തി ചെയ്യുമെന്നുമാണ് നോട്ടീസിലുള്ളത്. പതിനെട്ടു വര്‍ഷങ്ങളായി പഞ്ചായത്ത് സൗജന്യമായി നിര്‍മ്മിച്ചു കൊടുത്ത 330 ചതുരശ്ര അടി തറവിസ്തീര്‍ണ്ണത്തിലുള്ള ഈ വീട്ടില്‍ ഗീതയും ഭര്‍ത്താവും താമസിക്കാന്‍ തുടങ്ങിയിട്ട്. വീട് നല്‍കിയപ്പോള്‍തന്നെ നികുതി ഒഴിവാക്കിയ വീടാണെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇത്രയും കാലം നോട്ടീസ് വരുകയോ നികുതി അടക്കുകയോ ചെയ്തിട്ടില്ല. ഗീതയ്‍ക്കു മാത്രമല്ല നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന ദാരിദ്രരേഖക്ക് താഴെയുള്ള ഒട്ടുമിക്ക കുടുംബങ്ങള്‍ക്കും ഇത്തരത്തില്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്.
660 ചതുരശ്ര അടി വരെ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് നികുതി വാങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കെയാണ് ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ പാവങ്ങളെ കൊള്ളയടിക്കുന്ന നിയമ ലംഘനം നടക്കുന്നത്. 2013 ല്‍ ഇറങ്ങിയ ഉത്തരവിലും 27/04/15 ല്‍ ഇറക്കിയ വസ്തു നികുതി പരിഷ്ക്കരണം ഭേദഗതി ഉത്തരവിലും നികുതി ഒഴിവാക്കിയത് സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. ഓണ്‍ ഫണ്ടില്ലാത്ത പഞ്ചായത്താണെന്നും വരുമാനം കുറവാണെന്നുമാണ് നിയമ വിരുദ്ധ നികുതി പിരിവിന് പഞ്ചായത്തു സെക്രട്ടറിയുടെ ന്യായീകരണം.
ബെള്ളൂരില്‍ മാത്രമല്ല വരുമാനം കുവുള്ള പല പഞ്ചായത്തുകളും ഇത്തരത്തില്‍ നികുതി പിരിക്കുന്നുണ്ടെന്നാണ് സെക്രട്ടറിയുടെ നിലപാട്.എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുള്ള നികുതി പരിവ് നിയമ വിരുദ്ധമാണെന്ന് പഞ്ചായത്ത് വകുപ്പിലെ ഉന്നത ഉദോഗസ്ഥര്‍ പറഞ്ഞു.
