രണ്ട്  കിലോ കഞ്ചാവ് പിടികൂടി വില്‍പ്പന ശീതള പാനീയ കച്ചവടത്തിന്‍റെ മറവില്‍ കഞ്ചാവ് എത്തിച്ചിരുന്നത് ഒഡീഷയില്‍നിന്ന്

പത്തനംതിട്ട: ശീതള പാനീയ കച്ചവടത്തിന്‍റെ മറവില്‍ കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തിവന്ന ഇതര സംസ്ഥാനക്കാരന്‍ തിരുവല്ലയില്‍ അറസ്റ്റിലായി. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മുഹമ്മദ് ആലമാണ് പിടിയിലായത്. തിരുവല്ലയില്‍ നഗരമധ്യത്തിലായിരുന്നു മുഹമ്മദ് ആലമിന്‍റെ ശീതള പാനീയ വില്‍പ്പനശാല. ഇവിടെ കഞ്ചാവും ലഭ്യമാണെന്ന വിവരം പൊലീസിന് കിട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കട പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. 

ഇന്ന് രാവിലെ 10 മണിയോടെ തിരുവല്ല സി.ഐ. ടി. രാജപ്പന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഷാഡോ പൊലീസും സംയുക്തമായി മുഹമ്മദ് ആലമിന്‍റെ കടയില്‍ റെയ്ഡ് നടത്തി. ഒന്നര കിലോ കഞ്ചാവും 7000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. ഇയാളുടെ വീട്ടില്‍നിന്ന് അരക്കിലോ കഞ്ചാവ് കൂടി കണ്ടെടുത്തു. ഒഡീഷയില്‍നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവ് കേരളത്തിലെത്തിച്ചിരുന്നത്. ഇതര സംസ്ഥാനക്കാര്‍ക്കിടയിലായിരുന്നു പ്രധാന കച്ചവടം.