ബെംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്‍. ശരത്തിനെ
കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍ ആണെന്നാണ് വെളിപ്പെടുത്തല്‍. ശരത്തിന്റെ അടുത്ത സുഹൃത്തുക്കളാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. പ്രതികള്‍ പിടിയിലായി.

പണം തട്ടാനായിരുന്നു കൊലപാതകം. തടാകത്തിലുപേക്ഷിച്ച മൃതദേഹം പൊന്തിയ ശേഷം വീണ്ടുമെടുത്ത് കുഴിച്ചിട്ടുവെന്നും മൊഴി. ഴിഞ്ഞ ഈ മാസം 12ന് വൈകുന്നേരമാണു ശരത്തിനെ കാണാതായത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്ക് വാട്ട്സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. കഅതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ ശരത്തിന്റെ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണ് വിവരം.

തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും കണ്ടെത്തിയിട്ടുണ്ട്. 50 ലക്ഷം നല്‍കണമെന്നും ഇല്ലെങ്കില്‍ ഇവര്‍ ലക്ഷ്യമിടുന്നത് ശരത്തിന്റെ സഹോദരിയെയാണെന്നും പൊലീസില്‍ അറിയിക്കരുതെന്നുമായിരുന്നു വാട്ട്സ്ആപ്പ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നത്. സഹോദരിയുടെ മൊബൈലില്‍ ശരത്തിന്റെ നമ്പരില്‍നിന്ന് ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സന്ദേശം വന്നത്. അപ്പോള്‍ തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.