ബീഹാറിലെ നവാഡ സ്വദേശികളായ ഏഴ് പേരെ സൂര്യനഗർ പൊലീസ് ബിഹാറിലെത്തി അറസ്റ്റ് ചെയ്തു.

ബെം​ഗളൂരു: ബെംഗളുരുവിലെ സ്യൂട്ട് കേസ് കൊലപാതകക്കേസിലെ എല്ലാ പ്രതികളെയും പിടികൂടി പൊലീസ്. ബീഹാറിലെ നവാഡ സ്വദേശികളായ ഏഴ് പേരെ സൂര്യനഗർ പൊലീസ് ബിഹാറിലെത്തി അറസ്റ്റ് ചെയ്തു. മെയ് 21-നാണ് 17-കാരിയുടെ മൃതദേഹം ചന്ദാപുര റെയിൽവേ ബ്രിഡ്ജിന് കീഴെ സ്യൂട്ട് കേസിലാക്കി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇത് വഴി ട്രെയിനിൽ പോയ ആരെങ്കിലുമാകാം സ്യൂട്ട് കേസ് ഇങ്ങനെ ഉപേക്ഷിച്ചത് എന്ന നിഗമനത്തിലെത്തിയ പൊലീസ് നഗരത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും സിസിടിവികൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി.

ഇതിലാണ് നീല നിറത്തിലുള്ള സ്യൂട്ട് കേസുമായി ഒരു സംഘം നടന്ന് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞ പൊലീസ്, ആ വഴി കടന്ന് പോയ ട്രെയിനുകളിലെ റിസർവേഷൻ ലിസ്റ്റിൽ ഇവരുടെ പേരുണ്ടോ എന്ന് പരിശോധിച്ചു. ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവരെ ബിഹാറിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിൽ നിന്ന് ഇവരെ നാളെ രാവിലെയോടെ ബെംഗളുരുവിലെത്തിക്കുമെന്ന് സൂര്യനഗർ പൊലീസ് വ്യക്തമാക്കി.