ഗാങ്ങ്ടോക്ക്: സിക്കിം അതിര്‍ത്തിയിൽ ചൈനയുടെ റോഡ് നിര്‍മ്മാണത്തെ ചോദ്യം ചെയ്ത് ഭൂട്ടാനും രംഗത്തെത്തി. തര്‍ക്കവിഷയത്തിൽ ഇടപെടാൻ ഭൂട്ടാന് അവകാശമില്ലെന്ന് ചൈന പ്രതികരിച്ചു. തര്‍ക്കം തുടരുന്നതിനിടെ കരസേന മേധാവി ബിപിൻ റാവത്ത് സിക്കിമിലെത്തി അതിര്‍ത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. 

സിക്കിം അതിര്‍ത്തിയിൽ ചൈന നടത്തിയ റോഡ് നിര്‍മ്മാണം നിലവിലുള്ള ഉടമ്പടികളുടെ ലംഘനമാണെന്ന വാദമാണ് ഭൂട്ടാനും ഉയര്‍ത്തിയത്. ഇക്കാര്യത്തിലെ ഇന്ത്യൻ നിലപാട് ഭൂട്ടാൻ ശരിവെച്ചു. അതേസമയം തര്‍ക്കവിഷയത്തിൽ ഭൂട്ടാന് ഇടപെടാൻ അവകാശമില്ലെന്നാണ് ചൈന വ്യക്തമാക്കി. ഭൂട്ടാന്‍റെ മറപിടിച്ച് റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തുന്ന ഇന്ത്യയുടെ നടപടിയിൽ ദുരൂഹമാണ്. റോഡ് നിര്‍മ്മിക്കുന്ന ദോംഗ് ലാം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണെന്നും ഇതിന്‍റെ പേരിൽ ഇന്ത്യ ഉയര്‍ത്തുന്ന തര്‍ക്കത്തിൽ പ്രകോപനം സൃഷ്ടിക്കലാണെന്നും ചൈന പ്രതികരിച്ചു. 

സിക്കിം, ഭൂട്ടാൻ, ടിബറ്റ് ട്രൈജംഗ്ഷനിൽ വരുന്ന പ്രദേശമാണ് ചൈന റോഡ് നിര്‍മ്മാണം നടത്തുന്ന ദോഗ് ലാം. ഈ പ്രദേശം ഭൂട്ടാന്‍റെ ഭാഗമാണ്. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമേഖലയുമാണ്. ദോഗ് ലാമിൽ സൈനിക പട്രോളിംഗ് സജീവമാക്കി ക്രമേണ ആ പ്രദേശം പിടിച്ചെടുക്കാനാണ് ചൈനയുടെ നീക്കമെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. തര്‍ക്കം രൂക്ഷമായതോടെ സിക്കിംഗ് അതിര്‍ത്തിയിലേക്ക് ഇന്ത്യ കൂടുതൽ സൈനികരെ അയച്ചിട്ടുണ്ട്. 
ചൈനയും സൈനിക ശക്തി വര്‍ദ്ധിപ്പിച്ചു. ഇന്ന് സിക്കിമിലെത്തിയ കരസേന മേധാവി വിപിൻ റാവത്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കൈലാസ യാത്രക്ക് പോയ 100 യാത്രികര്‍ നാഥുലാ പാസിൽ നിന്ന് മടങ്ങി.. അതേസമയം ഉത്തരാഖണ്ഡ് വഴിയുള്ള കൈലാസ യാത്രക്ക് തടസ്സമില്ല.