പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഷാര്‍ജ എക്‌സ്‌പോസെന്ററിലാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പതിനാലായിരത്തിലേറെപേര്‍ ഓണമുണ്ടപ്പോള്‍ ആഘോഷം ഗള്‍ഫിലെ തന്നെ ചരിത്ര സംഭവമായി.മലയാളികളുടെ ദേശീയ ആഘോഷമായ ഓണം വിവാദവിഷയമാക്കാനുള്ളതല്ലെന്ന് ഓണാഘോഷം ഉദ്ഘാടനംചെയ്തുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ഉത്സവപ്രതീതി ഉണര്‍ത്തി വള്ളപ്പാട്ട്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികളും മധുബാലകൃഷണനും സംഘവും അവതരിപ്പിച്ച ഗാനമേളയും സിനിമാനടന്‍ സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍ നടന്‍ എന്ന ഏകാംഗ നാടകവും അവതരിപ്പിച്ചു.

പൂക്കള മത്സരത്തില്‍ മാസ് ഷാര്‍ജ ഒന്നാംസ്ഥാനം കരസ്ഥമാക്കി. യുവകലാസാഹിതി രണ്ടാംസ്ഥാനവും, ടീം ബെന്‍ഹൂര്‍, ഐഎസ് സി അജ്മാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.