ബിന്ദുവിന്‍റെ തിരോധാനം സെബാസ്റ്റ്യനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും

ആലപ്പുഴ:ചേര്‍ത്തലയില്‍ നിന്ന് കാണാതായ ബിന്ദു പത്മനാഭന്‍ അഞ്ചുമാസം മുമ്പ് പ്രതി സെബാസ്റ്റ്യന്‍റെ വീട്ടില്‍ എത്തിയിരുന്നത് കണ്ടെന്ന് രണ്ടുസാക്ഷികള്‍. ഇവര്‍ ബിന്ദുവിന്‍റെ ഫോട്ടോ തിരിച്ചറിഞ്ഞു. എന്നാല്‍ സെബാസ്റ്റ്യന്‍ അന്ന് വീട്ടിലുണ്ടായിരുന്നില്ല. ബിന്ദു കുറേ പണം തരാനുണ്ടെന്ന് പറഞ്ഞതായാണ് മൊഴി. അതേസമയം ഫെബ്രുവരി വരെ ബിന്ദു ജീവനോടെയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുഖ്യപ്രതി സെബാസ്റ്റ്യനെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ബിന്ദുവിനായി പുതിയ ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇറക്കും.

ഇന്നലെ കസ്റ്റഡിയിലെടുത്ത സെബാസ്റ്റ്യനെ ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ബിന്ദുവിനെ എന്ന് മുതല്‍ കാണാതായി എന്നും ബിന്ദു ജീവനോടെ ഉണ്ടോ എന്നും വ്യക്തമായി അറിയാവുന്ന ആളാണ് സെബാസ്റ്റ്യനെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. സെബാസ്റ്റ്യന്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത് അഭിഭാഷകര്‍ നിരന്തരം നല്‍കിയ പരിശീലനത്തിന് ശേഷമാണ്.