തിരുവനന്തപുരം: ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതിയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. തനിക്കെതിരെ ദുബായില്‍ കേസുണ്ടെന്നും യാത്രാവിലക്കുണ്ടെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്കെതിരെ ദുബായില്‍ കേസുകളൊന്നും നിലവിലില്ലെന്നും ബിനോയ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

താന്‍ അവിടെ നടത്തിയ ബിസിനസുമായി ബന്ധപ്പെട്ട് ഒരു ചെക്ക് കേസ് നിലവിലുണ്ടായിരുന്നുവെന്നും അത് കോടതിവഴി പരിഹരിക്കപ്പെട്ടതാണെന്നം ബിനോയ് വ്യക്തമാക്കി. ഇപ്പോള്‍ ആരോപിക്കുന്നതുപോലുള്ള യാതൊരു സംഭവവും തന്റെ പേരില്‍ ഇല്ലെന്നും വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും ബിനോയ് പറഞ്ഞു.

ബിനോയ് 13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബായില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എന്ന കമ്പനിയാണ് രംഗത്തെത്തിയത്. നിയമനടപടിക്ക് മുന്നോടിയായി പാര്‍ട്ടി തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടങ്ങിയിരുന്നു. ചവറ എം.എല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു.