ഹിന്ദു രാഷ്ട്രം എന്ന ആശയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിക്കും വരെ വിമര്‍ശനം തുടരുമെന്ന് തരൂര്‍

ദില്ലി: ഇന്ത്യയെ ബിജെപി, ഹിന്ദു പാകിസ്ഥാനാക്കുമെന്ന ശശി തരൂരിന്‍റെ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതൃത്വം. വിവാദത്തിൽ അകലം പാലിച്ച കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ ചരിത്രപരമായ ഉത്തരവാദിത്തം തിരിച്ചറിഞ്ഞുള്ള വാക്കുകള്‍ നേതാക്കള്‍ തിരഞ്ഞെടുക്കണമെന്ന് നിര്‍ദേശിച്ചു. അതേസമയം, ഹിന്ദു രാഷ്ട്രം എന്ന ആശയം ആര്‍എസ്എസും ബിജെപിയും ഉപേക്ഷിച്ചെന്ന് പ്രഖ്യാപിക്കും വരെ വിമര്‍ശനം തുടരുമെന്ന് തരൂര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് ശശി തരൂര്‍ നടത്തിയ ഈ അഭിപ്രായ പ്രകടനമാണ് ബിജെപി ആയുധമാക്കിയത്. പ്രസ്താവനയ്ക്ക് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാണ് പാര്‍ട്ടി ആവശ്യം. പാക് വിഭജനത്തിന് കോണ്‍ഗ്രസാണ് ഉത്തരവാദി. ഇന്ത്യയെയും ഹിന്ദുക്കളെയും ആക്ഷേപിക്കാൻ കിട്ടുന്ന ഒരവസരവും കോണ്‍ഗ്രസ് നഷ്ടപ്പെടുത്താറില്ലെന്നും പാര്‍ട്ടി വക്താവ് സംപിത പാത്ര വിമര്‍ശിച്ചു.

എന്നാല്‍, വിമര്‍ശനം ശക്തമാകുമ്പോഴും പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ് തരൂര്‍. മതാടിസ്ഥാനത്തിൽ രൂപീകരിച്ച പാകിസ്ഥാന്‍റെ നേര്‍ പതിപ്പായി ഇന്ത്യയെ മാറ്റുകയെന്നതാണ് ആര്‍എസ്എസ് ബിജെപി ലക്ഷ്യമെന്ന് ശശി തരൂര്‍ ആവര്‍ത്തിച്ചു. അങ്ങനെയായാല്‍ ന്യൂനപക്ഷങ്ങള്‍ താഴ്ന്ന തരക്കാരാകും. സ്വാതന്ത്യസമര പോരാട്ടത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണിത്. ഇത് നേരത്തെയും പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യൻ രീതിയിൽ തന്നെപ്പോലുള്ള ഹിന്ദുക്കള്‍ വിലപ്പെട്ടായി കരുതുന്നുവെന്നും തരൂര്‍ വിശദീകരിച്ചു.

അതേസമയം, വ്യക്തിപരമായി നടത്തിയ പരാമര്‍ശമെന്നാണ് കോണ്‍ഗ്രസ് വക്താവ് പ്രീയങ്ക ചതുര്‍വേദിയുടെ പ്രതികരണം. ആര്‍എസ്എസിന്റെ ആശയം രാജ്യം തള്ളിക്കളയുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.