രാജ്യതലസ്ഥാനം തന്നെ കോഴിക്കോടേക്ക് മാറുകയാണ്. പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രമാരും, ബിജെപിയുടെ മുഖ്യമന്ത്രിമാരുമടക്കം രണ്ടായിരത്തോളം പ്രതിനിധികളാണ് മൂന്ന് ദിനങ്ങളിലായി നടക്കുന്ന ദേശീയ കൗണ‍്‍സിലില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് സ്വപ്നനഗരിയിലെ പ്രധാന വേദിക്കരികിലാണ്. ഓഫീസ് സ്റ്റാഫടക്കം കോഴിക്കോടേക്ക് എത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ ഓഫീസും തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കും. കേന്ദ്രമന്ത്രിസഭാ യോഗം ഇവിടെ ചേരാനുള്ള സാധ്യതയും ഉണ്ട്. 

സ്വപ്നനഗരിയിലെ ദീനദയാല്‍ ഉപാധ്യായ നഗറിലാണ് ദേശീയ കൗണ്‍സില്‍ ചേരുന്നത്. കടവ് റിസോര്‍ട്ടില്‍ ദേശീയ എക്സിക്യൂട്ടീവും ചേരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് എത്തുന്നതോടെ ദേശീയ കൗണ്‍സില്‍ നടപടികളിലേക്ക് നീങ്ങും. വെള്ളി, ശനി ദിവസങ്ങളിലായി ദേശീയ എക്സിക്യൂട്ടീവ് യോഗവും, ഞായറാഴ്ച ദേശീയ കൗണ്‍സില്‍ യോഗവും ചേരും. ശനിയാഴ്ച കോഴിക്കോടെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് പ്രധാനമന്ത്രി പ്രസംഗിക്കും. ഈ ദിവസം നഗരത്തില്‍ കടുത്ത ഗതാഗതനിയന്ത്രണവും ഉണ്ടാകും.