ദേശീയ സമ്മേളനത്തിന്റെ ആവേശവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കിറങ്ങാനാണ് ടീം കുമ്മനത്തിന് അമിത്ഷായുടെ നിര്‍ദ്ദേശം. പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങള്‍, പ്രവര്‍ത്തനങ്ങളിലൂടെയും പുതിയ സഖ്യങ്ങളിലൂടെയും ജയസാധ്യതയുള്ള സീറ്റുകള്‍ എന്നിങ്ങനെ പട്ടിക തിരിച്ച് നല്‍കണം. ഓരോ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പാനല്‍ നേരത്തെ വേണം. മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങുന്നതിനൊപ്പം രാഷ്‌ട്രീയത്തിനപ്പുറത്ത് ജനപ്രിയരായ വ്യക്തികളെയും പരിഗണിക്കുമെന്നാണ് ആവശ്യം. സ്ഥാനാര്‍ത്ഥികളെ കേന്ദ്രം നേരത്തെ പ്രഖ്യാപിക്കും. മണ്ഡലം കേന്ദ്രീകരിച്ചുള്ള ഇവരുടെ പ്രവര്‍ത്തനവും നേരത്തെ തുടങ്ങണമെന്നാണ് നിര്‍ദ്ദേശം. ഉത്തരേന്ത്യയില്‍ പലയിടത്തും സിറ്റിങ് സീറ്റുകള്‍ നഷ്‌ടമാകാനിടയുള്ളതിനാല്‍ ദക്ഷിണേന്ത്യയില്‍ മുന്നേറ്റം അത്യാവശ്യമാണെന്നാണ് ഷാ വ്യക്തമാക്കിയത്. 12 സീറ്റെന്ന കുമ്മനത്തിനുള്ള ലക്ഷ്യത്തില്‍ വിട്ടുവീഴ്ചയില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ചയില്‍ കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം വ്യക്തി കേന്ദ്രിതമാണെന്ന് ദേശീയ നേതൃത്വം വിമര്‍ശിച്ചു.