കേരളത്തിലെ പ്രളയാനന്തര സാഹചര്യം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പാര്‍ലമെന്‍റിന്‍റെ ധനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റിയിൽ ബിജെപി -സിപിഎം അംഗങ്ങൾ തമ്മിൽ തര്‍ക്കം.

ദില്ലി: കേരളത്തിലെ പ്രളയാനന്തര സാഹചര്യം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പാര്‍ലമെന്‍റിന്‍റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിൽ ബിജെപി -സിപിഎം അംഗങ്ങൾ തമ്മിൽ തര്‍ക്കം. പ്രധാനമന്ത്രി യുഎഇ സഹായം മുടക്കിയെന്ന സിപിഎം അംഗങ്ങളുടെ ആരോപണത്തെ സഹായ വാദ്ഗാനത്തിന്‍റെ രേഖ എവിടെയെന്ന മറുചോദ്യം കൊണ്ടാണ് ബിജെപി നേരിട്ടത്.

പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ബിജെപി എംപിമാരുടെ അഭിപ്രായമാണ് വാഗ്വാദത്തിനു വഴിതുറന്നത്. പ്രതാപ് സിംഹ, നിഷികാന്ത് ദുബെ തുടങ്ങിയ ബിജെപി എംപിമാരാണ് വിമർശനം ഉയർത്തിയത്. ഇത് ചോദ്യം ചെയ്ത സിപിഎം എംപിമാർ കേരളത്തിന് ലഭിക്കുമായിരുന്ന യുഎഇ സഹായം കേന്ദ്രം മുടക്കിയെന്ന് തിരിച്ചടിച്ചു. സഹായ വാദ്ഗാനത്തിന്‍റെ രേഖ എവിടെയെന്നായിരുന്നു ബിജെപി എംപിമാരുടെ ചോദ്യം. പ്രധാനമന്ത്രിയുടെ ട്വീറ്റ് എംബി രാജേഷ് പരാമർശിച്ചപ്പോൾ അതിൽ 700 കോടിയുടെ സഹായത്തിന്‍റെ കാര്യം ഇല്ലെന്ന് ബിജെപി അംഗങ്ങൾ പ്രതികരിച്ചു.

വീടുവയ്ക്കാന്‍ നല്‍കുന്ന നാലു ലക്ഷം രൂപയുടെ സഹായം അപര്യാപത്മാണെന്നും തുക വര്‍ധിപ്പിക്കാൻ ശുപാർശ വേണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ദേശീയ തീര സംരക്ഷണ സേന രൂപീകരിക്കണമെന്നായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍റെ നിർദ്ദേശം. പ്രളയത്തിന് കേന്ദ്രം അനുവദിച്ച തുക കൃത്യമായി ചെവലഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍ വനിതാമതില്‍ കെട്ടാന്‍ ദുരുപയോഗിക്കുകയാണെന്ന് യോഗശേഷം കെ.വി. തോമസ് എംപി ആരോപിച്ചു.

ഓഖി ദുരന്തത്തില്‍ കേരളത്തിന് ലഭിച്ച 143. 5 കോടി രൂപ ചെലവഴിക്കാത്തത് പ്രളയത്തിന് നല്‍കിയ കേന്ദ്രസഹായം കുറയാൻ ഇടയാക്കിയെന്നും കെവി തോമസ് ചൂണ്ടിക്കാട്ടി.