ദില്ലി: സുപ്രീം കോടതിയിലെ രണ്ടംഗ ബഞ്ചിന്റെ നിർണ്ണായക വിധിയോടെ ശശികലയ്ക്കു മുന്നിൽ തമിഴ്നാട്ടിലെ അധികാരം സ്വന്തം കൈയ്യിൽ വയ്ക്കാനുള്ള വഴികൾ അടയുകയാണ്. സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജി നല്കാമെങ്കിലും ഇത് കാര്യമായ മാറ്റമുണ്ടാക്കുമെന്ന് നിയമവിദഗ്ധർ കരുതുന്നില്ല. അണ്ണാ ഡിഎംകെയിലെ ബലാബലം എങ്ങനെ മാറുമെന്ന് ഒന്നോ രണ്ടോ ദിവസം നിരീക്ഷിച്ച ശേഷം നിയമസഭ വിളിക്കാനുള്ള തീരുമാനം ഗവർണ്ണർ കൈക്കൊള്ളും എന്നാണ് സൂചന.

സുപ്രീം കോടതിയുടെ ആറാം നമ്പര്‍ കോടതിയിൽ ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷും അമിതവ റോയിയും സീൽ ചെയ്ത കവറിൽ നിന്ന് ആ വലിയ വിധിന്യായങ്ങൾ പുറത്തെടുത്തപ്പോൾ പൊലിഞ്ഞത് തമിഴ്നാട്ടിലെ മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ മോഹങ്ങളാണ്. ഒപ്പം അടഞ്ഞത് മുന്നിലുള്ള വഴികളും. ഇനി ശശികലയ്ക്ക് പുനപരിശോധന ഹർജി നല്കാം. അതിനു ശേഷം തിരുത്തൽ ഹർജിയും നല്കാം. വിചാരണ കോടതി പരിഗണിച്ച തെളിവുകൾ പോലും വിശദമായി പരിശോധിച്ച് സുപ്രീം കോടതി തീരുമാനം എടുത്തതിനാൽ ഇവ പരിഗണിക്കാൻ തയ്യാറായാൽ പോലും നിലനില്ക്കാനുള്ള സാധ്യത വിരളമാണെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. 

എന്നാൽ ഈ ഹർജികൾ നല്കുന്നത് ജയിലിൽ പോകാതിരിക്കാനുള്ള കാരണമാകില്ല. ജയിലിൽ പോകുന്നത് വൈകിക്കാൻ വേണമെങ്കിൽ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കണം എന്ന അപേക്ഷ നല്കാം എന്ന വഴി മാത്രം ബാക്കിയുണ്ട്. ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള നിർദ്ദേശം അണ്ണാ ഡിഎംകെ മുന്നോട്ടു വച്ച ശേഷം ഗവർണ്ണർ ഇതുവരെ തീരുമാനം എടുക്കാത്തതിന് എന്തായാലും ഈ വിധി വന്നത് എന്തായാലും ന്യായീകരണമായി. ഇനി തമിഴ്നാട്ടിലെ സംഭവവികാസങ്ങളിൽ ഗവർണ്ണറുടെ പങ്കേറുന്നു. ശശികല പകരം നിർദ്ദേശിക്കുന്ന വ്യക്തിക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം എന്തായാലും ഗവർണ്ണർ നല്കില്ല. 

ഒരു ദിവസം കൂടി ഗവർണ്ണർ രാഷ്ട്രീയ ബലാബലം എങ്ങനെ മാറുമെന്നറിയാൻ കാക്കും. ശശികല ക്യാംപിലലെ എം എൽ എമാരുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. അവസാനം സംഖ്യ എവിടെയെത്തുന്നു എന്ന് ഗവർണ്ണർ നിരീക്ഷിക്കും. നിയമസഭ വിളിച്ച് ആർക്കാണ് ഭൂരിപക്ഷം എന്ന് തെളിയിക്കാൻ അവസരം നല്കുക എന്ന അറ്റോർണി ജനറലിന്റ ഉപദേശം സുപ്രീം കോടതി വിധിക്ക് ഒരു ദിവസം മുന്പ് നല്കിയത് യാദൃശ്ചികമല്ല. ഇതിലൂടെ പന്നീർശെൽവത്തെ മാറ്റാതെ ബലാബലത്തിന് നിയമസഭയിൽ അവസരമൊരുങ്ങും. മുന്‍പ് ഉത്തർപ്രദേശിലും ജാർഖണ്ടിലും അസാധാരണ സാഹചര്യങ്ങളിൽ മാത്രം പരീക്ഷിച്ച മനസാക്ഷി വോട്ട് രഹസ്യബാലറ്റിലൂടെ രേഖപ്പെടുത്തുക എന്ന വഴി തേടാം. ഇപ്പോൾ അണ്ണാ ഡിഎംകെ പക്ഷത്തുള്ള എല്ലാവരും കൂറുമാൻ ഇത്  ഇടയാക്കിയേക്കാം. 

ഒരു ദ്രാവിഡ കക്ഷിയെ എങ്കിലും തളർത്തുക എന്ന ബിജെപിയുടെ ലക്ഷ്യത്തിന് സഹായകരമാണ് എന്തായാലും സുപ്രീം കോടതി വിധി. പന്നീർശെൽവത്തെ ഒപ്പം നിറുത്തുക എന്ന ചൂതാട്ടത്തിന് മുതിർന്ന ബിജെപിക്ക് ഇത് വലിയ വിജയം. ആര് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നാലും തല്ക്കാലത്തേക്കെങ്കിലും കേന്ദ്ര പിന്തുണ അനിവാര്യം. രാഷ്ട്പതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ വോട്ടിന് വലിയ വിലയുണ്ട്. 

ഇതിനൊപ്പം ഒരു സംസ്ഥാനത്തെ പകുതി എംഎൽഎമാരുടെയും പിന്തുണ വലിയ അദ്വാനമില്ലാതെ ബിജെപിക്ക് ഉറപ്പാക്കാം. ശശികലയുടെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തിൽ ഈ സുപ്രീം കോടതിവിധിയിലൂടെ തീരുമാനമായെങ്കിലും തമിഴ് രാഷ്ട്രീയം കലങ്ങിതെളിയാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നേക്കും.