രണ്ട് ദിവസത്തെ ദേശീയനിര്‍വ്വഹകസമിതി യോഗത്തിന് മുന്നോടിയായുള്ള ഭാവരാഹികളുടെ യോഗം അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ തുടരുകയാണ്. നോട്ട് അസാധുവാക്കിയതിന് ബിജെപിക്കുള്ളില്‍തന്നെ എതിര്‍പ്പുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കുന്നതായിരിക്കും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലെ സാമ്പത്തികപ്രമേയം.

പ്രധാനമന്ത്രിയുടെ നടപടികള്‍ക്ക് യോഗം പൂര്‍ണ്ണപിന്തുണപ്രഖ്യാപിക്കും. ഓരോ കേന്ദ്രമന്ത്രിമാരും സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇക്കാര്യത്തില്‍ പ്രചാരണപ്രവര്‍ത്തനം നടത്താനും തീരുമാനിക്കും. അതിര്‍ത്തിയില്‍ നടത്തിയ മിന്നലാക്രമണത്തിന് കേന്ദ്രത്തെ പിന്തുണക്കുന്ന രാഷ്ട്രീയകാര്യപ്രമേയവും യോഗം അംഗീകരിക്കും. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ നിയമസഭതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രചാരണത്തിന്റെ ഒരുക്കങ്ങളാണ് മറ്റൊരു അജണ്ട. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രചാരണം സജീവമാണെങ്കിലും ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യം പ്രദേശികനേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതും ചര്‍ച്ചയാകും. 

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ ബിജെപി ഓഫീസുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളും രാഷ്ട്രീയപ്രമേയത്തില്‍ സ്ഥാനം പിടിക്കും. കേരളത്തിലെ സംഘടാതര്‍ക്കങ്ങള്‍ യോഗത്തില്‍ ഉന്നയിക്കാനുള്ള സാധ്യതയില്ലെന്നാണ് സൂചന. വൈകിട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ യോഗം ഉത്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യോഗത്തെ അഭിസംബോധന ചെയ്യും.