ചെങ്ങന്നൂരില്‍ തന്ത്രങ്ങള്‍ പാളി ബിജെപി. അമിത് ഷായുടെ വിശ്വാസം നേടാനാകാതെ ബിജെപി കേരള നേതൃത്വം

ചെങ്ങന്നൂരില്‍ പ്രചരണം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പുവരെ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു കുമ്മനം രാജശേഖരന്‍.കുമ്മനമായിരുന്നു ചെങ്ങന്നൂരിലെ ബിജെപിയുടെ ക്യാംപെയിന്‍ ലീഡറും. അവിടുന്നാണ് തീര്‍ത്തും അപ്രതീക്ഷിതമായി കുമ്മനത്തെ മിസോറാമിലെ ഗവര്‍ണറായി ബിജെപി അയച്ചത്. തോല്‍വി സമ്മതിച്ചാണോ, ബിജെപി കുമ്മനത്തെ മിസോറാമിലേക്ക് അയച്ചതെന്ന് എതിരാളികള്‍ കുത്തി ചോദിച്ചിട്ടും, കേരളത്തിനുള്ള അംഗീകാരമാണ് ഇതെന്ന അഴകൊഴമ്പന്‍ മറുപടിയാണ് സംസ്ഥാന നേതൃത്വം നല്‍കിയത്. എന്നാല്‍ ചെങ്ങന്നൂര്‍ ഫലം വന്നു കഴിഞ്ഞപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം തോല്‍വി മുന്‍കൂട്ടികണ്ടാണോ കുമ്മനത്തിന്റെ മാറ്റമെന്നാണ്.

വോട്ടെണ്ണലിന്‍റെ തലേദിവസം എത്ര വോട്ട് ലഭിക്കും എന്ന ചോദ്യത്തിന്, മറുപടി നല്‍കാതെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ചാനല്‍ മൈക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറിയപ്പോള്‍തന്നെ ചെങ്ങന്നൂരിലെ ബിജെപിയുടെ ഭാവി തീരുമാനമായി എന്ന് രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നു. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടങ്ങള്‍ കഴിഞ്ഞ് പത്ത് മണിയായപ്പോള്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ള തോല്‍വി സമ്മതിച്ച് മാധ്യമങ്ങളെ കാണുകയും ചെയ്തു. ബിജെപിയ്‌ക്ക് ചെങ്ങന്നൂരില്‍ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് കണക്കുകളും വ്യക്തമാക്കുന്നു.

ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ 67,303 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ കൊയ്‌തെടുത്തത്.46,347 വോട്ടുകള്‍ ഡി വിജയകുമാര്‍ നേടിയപ്പോള്‍ ബിജെപിയുടെ ശ്രീധരന്‍പിള്ളയ്‌ക്ക് 35,270 വോട്ടുകളാണ് കിട്ടിയത്. ഇതോടെ 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 42,682 വോട്ട് എന്നതില്‍ നിന്ന് ഒന്നരവര്‍ഷത്തിനിപ്പുറം ഒരു വോട്ട് പോലും കുറയരുതെന്ന ബിജെപി ശ്രമം പാഴായി എന്ന് വിലയിരുത്താം.
അമിത് ഷാ അടക്കമുള്ള ബിജെപി ദേശീയ നേതാക്കള്‍ക്ക് ഒരു വിശ്വാസവും ഇല്ലാത്തവരാണ് ബിജെപി സംസ്ഥാനനേതൃത്വം എന്നത് പല ഘട്ടങ്ങളിലും തെളിഞ്ഞതാണ്. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഈ വിശ്വാസം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കുമ്മനം ഒഴിഞ്ഞസ്ഥലത്തേക്ക് ആര് എന്ന കേരള ബിജെപിയിലെ ചോദ്യത്തില്‍ ചെങ്ങന്നൂരിലെ ഫലവും സ്വാധീനം ചെലുത്തും. അതായത് ചെങ്ങന്നൂരില്‍ സര്‍വസന്നാഹവും ഉപയോഗിച്ചിട്ടും സംസ്ഥാന നേതൃത്വം പരാജയപ്പെട്ടപ്പോള്‍ അവരില്‍ നിന്നുതന്നെ ഒരാളെ സംസ്ഥാന അദ്ധ്യക്ഷനായി അമിത് ഷാ വിശ്വാസത്തില്‍ എടുക്കാന്‍ സാധ്യത കുറവാണ്.

ചെങ്ങന്നൂരില്‍ തങ്ങളുടെ എല്ലാ വിഭവങ്ങളും ഉപയോഗിച്ചാണ് ബിജെപി പ്രചരണം നയിച്ചത്. മഹാസമ്പര്‍ക്ക പരിപാടി വഴി ജനങ്ങളിലേക്കിറങ്ങി പഴുതറ്റ പ്രവര്‍ത്തനമായിരുന്നു പ്രചാരണത്തിന്റെ തുടക്കം മുതല്‍ ബിജെപി നടത്തിയത്. മണ്ഡലത്തിലെ 164 ബൂത്തുകളിലേയും വീടുകള്‍ സന്ദര്‍ശിച്ചായിരുന്നു പി എസ് ശ്രീധരന്‍പിള്ള ജനങ്ങളോട് വോട്ടഭ്യര്‍ഥിച്ചത്. സാധാരണ പ്രവര്‍ത്തകന്‍ മുതല്‍ കുമ്മനം രാജശേഖരന്‍ വരെയുള്ളവര്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. പ്രവര്‍ത്തകര്‍ പ്രത്യേക ലഘുലേഖകളും പ്രചാരണത്തിനായി ഉപയോഗിച്ചു.എന്നിട്ടും ഫലം പരാജയം മാത്രം.

ജനങ്ങളുടെ മനസില്‍ സ്വാധീനം ചെലുത്തി തങ്ങളുടെ പരമ്പരഗത വോട്ടുകള്‍ക്ക് അപ്പുറം നേടാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് വ്യക്തം. ചെങ്ങന്നൂരില്‍ താമര വിരിയുമെന്ന കടുത്ത പ്രതീക്ഷയിലായിരുന്നു ബിജെപി. കഴിഞ്ഞ തവണ കാഴ്ച്ചവച്ച മുന്നേറ്റം വച്ചുനോക്കിയാല്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കളത്തിലിറങ്ങിയപ്പോള്‍ കളി മാറി. ബിഡിജെഎസ്സിന്റെയും വെള്ളാപ്പള്ളിയുടേയും നിലപാട് ബിജെപിക്ക് വലിയ വെല്ലുവിളിയായി.

മധ്യതിരുവതാംകൂറില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള നായര്‍ വോട്ടുകളിലായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ നായര്‍ വോട്ടെന്ന ബിജെപി പ്രതീക്ഷ തുടക്കത്തിലെ പാളി. ഫലം വന്നപ്പോഴുള്ള വോട്ടിംഗ് പാറ്റേണും ഇക്കാര്യം വ്യക്തമാക്കുന്നു. അവിടെയും ബിജെപിയെയും, കോണ്‍ഗ്രസിനെയും സജി ചെറിയാന്‍ നിലംപരിശാക്കി. ബിഡിജെസിന് സ്വാധീനമുളള മണ്ഡലത്തില്‍ അവരെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ വിജയിച്ചില്ല. തുഷാര്‍ എന്‍ഡിഎയിലാണെന്ന് പറയുമ്പോഴും, അവസാന വാക്കായ വെള്ളാപ്പള്ളി അവസാനം വരെ ആടി നിന്നു.

മന്നാര്‍, തിരുവന്‍വണ്ടൂര്‍ തുടങ്ങിയ ബിഡിജെഎസ് നന്നായി തുണച്ചെന്ന് ബിജെപി കരുതിയ മേഖലകളിലെ തിരിച്ചടി ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കുക തന്നെ ചെയ്യും. ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ ബിജെപി നേതാക്കള്‍ അരമനകള്‍ കയറിയെങ്കിലും, ഇത് ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് വ്യക്തം. ആലപ്പുഴ ജില്ലയില്‍ തന്നെ തിരുവന്‍വണ്ടൂര്‍ ബിജെപി ശക്തി കേന്ദ്രമാണ്. ആ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. എന്നാല്‍ ഇവിടുത്തെ 9 ബൂത്തിലും എല്‍ഡിഎഫ് സ്വാധീനം നിലനിര്‍ത്തിയെന്നത് ബിജെപിയെ ഞെട്ടിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്ക് ഇവിടെ ലീഡ് നേടാന്‍ സാധിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ വന്‍ വോട്ടു മറിക്കലാണ് നടന്നതെന്ന് ബിജെപി ആരോപിക്കുന്നെങ്കിലും തീര്‍ത്തും ദുര്‍ബല വാദമാണിതെന്ന് കഴിഞ്ഞ തവണത്തേക്കാള്‍ നഷ്‌ടപ്പെട്ട 7000ത്തോളം വോട്ടുകള്‍ കാണുമ്പോള്‍ വ്യക്തമാകും. ത്രിപുര പിടിച്ചു ഇനി കേരളം എന്നതാണ് ബിജെപി അടുത്തകാലത്തായി നിരന്തരം മുന്നോട്ടുവച്ച മുദ്രവാക്യം. അതിലേക്കുള്ള അവരുടെ ലോഞ്ചിങ് പാഡായിരിക്കും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് എന്ന് നിരന്തരം പ്രചരണം നടത്തി. ചെങ്ങന്നൂരില്‍ അവര്‍ കൊണ്ടുവന്ന സ്റ്റാര്‍ ക്യാംപെയ്നറാകട്ടെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവായിരുന്നുവെന്നതും ശ്രദ്ധേയം.

ബിപ്ലവ് കുമാറിന്റെ ചെങ്ങന്നൂര്‍ സന്ദര്‍ശനം ബിജെപി ഏറെ ആഘോഷമാക്കിയിരുന്നു. പക്ഷെ അതൊന്നും ചെങ്ങന്നൂരില്‍ ഏറ്റില്ലെന്ന് വ്യക്തം. വ്യക്തിപരമായി സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പുകളിയില്‍ അരിക് പറ്റിപ്പോയ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്ക് വ്യക്തിപരമായി പാര്‍ട്ടിയില്‍ വലിയ തിരിച്ചടിയാണ് ഈ പരാജയം എന്നും രാഷ്‌ട്രീയ വൃത്തങ്ങളില്‍ സംസാരമുണ്ട്. എന്നാല്‍ ചെങ്ങന്നൂരിലെ രാഷ്‌ട്രീയമായ പരാജയത്തെ മറ്റാര്‍ക്കും അവകാശവാദം ഇല്ലാത്ത 35,000 ബിജെപി വോട്ടുകള്‍ എന്ന വാദത്തില്‍ നിര്‍ത്തിയായിരിക്കും ബിജെപി ചെറുക്കാന്‍ ശ്രമിക്കുക.