തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം കമ്മീഷണര്‍ മുന്‍പാകെ ഉന്നയിക്കുകയും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു

ദില്ലി:കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മുന്‍പേ പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് വിവാദത്തില്‍. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ ട്വിറ്ററിലൂടെ ആ ദൗത്യം നിര്‍വഹിച്ചത്. 

കര്‍ണാടകയില്‍ വോട്ടെടുപ്പ് മെയ് 12-നും ഫലപ്രഖ്യാപനം മെയ് 18-നും നടക്കുമെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. മാളവ്യയുടെ ട്വീറ്റ് പുറത്തു വന്നപ്പോള്‍ തന്നെ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ആളുകള്‍ രംഗത്തെത്തി. ഇതോടെ മാളവ്യ വിവാദ ട്വീറ്റ് റദ്ദാക്കി. എന്നാല്‍ ഇതേക്കുറിച്ച് തുടരെ ചോദ്യങ്ങള്‍ വന്നതോടെ താന്‍ ടൈംസ് നൗ ചാനല്‍ കണ്ടാണ് തീയതികള്‍ ട്വീറ്റ് ചെയ്തത് എന്ന വിശദീകരണവുമായി മാളവ്യ രംഗത്തെത്തി. 

ഇതേസമയം തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം കമ്മീഷണര്‍ മുന്‍പാകെ ഉന്നയിക്കുകയും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Scroll to load tweet…