തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി വിപുലികരണത്തിന് കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ കണ്ണ്‌ വെച്ച്‌‌ ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാനത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ പുറത്ത്‌ നിന്ന്‌ കുടുതല്‍ നേതാക്കളെ പാര്‍ട്ടിയിലേയ്‌ക്ക്‌ എത്തിക്കണമെന്നാണ്‌ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ കുടുതല്‍ ശ്രദ്ധചെലുത്തുന്നതിന്റെ ഭാഗമായി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്ത്‌ തുടര്‍ സന്ദര്‍ശനങ്ങള്‍ നടത്തും.

ദുര്‍ബല സാന്നിധ്യമായ ദക്ഷിണേന്ത്യയെ കേന്ദ്രീകരിച്ച്‌ തിരഞ്ഞെടുപ്പ്‌ തന്ത്രം മെനയുന്ന ബിജെപി കേരളത്തില്‍ മികച്ച അവസരം സ്വപ്‌നം കാണുന്നു. കോണ്‍ഗ്രസിനെ അപ്രസക്തമാക്കി സംസ്ഥാനത്ത്‌‌ പ്രബല ശക്തിയാക്കാന്‍ കഴിയുമെന്നാണ്‌ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്ക്‌ കൂട്ടല്‍. ഇതിനായി പാര്‍ട്ടിയെ വിപുലികരിണമാണ്‌‌ കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന്‌ ബിജെപിയിലേയ്‌ക്ക്‌‌ നേതാക്കളെ എത്തിക്കാനാണ്‌ ബിജെപി ശ്രമം. സംസ്ഥാനത്ത്‌ ഇനി സിപിഎം-ബിജെപി പോരാട്ടമാണ്‌ നടക്കാന്‍ പോകുന്നതെന്ന്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളിധര റാവു പറഞ്ഞു.

സംസ്ഥാനത്തെ‌ ക്രമസമാധാന തകര്‍ച്ച ഉയര്‍ത്തിയാവും ബിജെപി പ്രചരണം നടത്തുക. കേരളത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവും കേന്ദ്ര സര്‍ക്കാരും കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഇതിന്റെ ഭാഗമായി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തില്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തുമെന്നും മുരളാധര റാവു കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയിലേയ്‌ക്ക്‌ ഇറങ്ങി ചെല്ലുന്നതിന്‌ ഉതകുന്ന പരിപാടികള്‍ പാര്‍ട്ടി ആവിഷ്‌കരിക്കുമെന്നും മുരളിധര റാവും പറഞ്ഞു. ഗോവധത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണ്. ഇതിന്റെ പേരില്‍ ന്യുനപക്ഷങ്ങള്‍ ബിജെപിയെ മാറ്റി നിറുത്തില്ലെന്നും മുരളീധര്‍ റാവു വ്യക്തമാക്കി.