കൊല്ലം: പിരിവ് നല്‍കാത്തതിന്‍റെ പേരില്‍ കച്ചവടക്കാരന് ബിജെപി നേതാവിന്‍റെ വധ ഭീഷണി. ബിജെപിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുഭാഷാണ് ചവറയില്‍ കുടിവെള്ള വിതരണം നടത്തുന്ന കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയത്. മെഡിക്കല്‍ കോഴ വിവാദങ്ങള്‍ക്ക് ശേഷം നടന്ന ഈ സംഭവം ബിജെപി ജില്ലാ നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍ക്കാൻ ശ്രമിച്ചതായി ഭീഷണിക്കിരയായ കച്ചവടക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ് സംഭവം. അയ്യായിരം രൂപയുടെ രസീതുമായി ബിജെപി ഭാരവാഹികള്‍ ചവറയില്‍ കുടിവെള്ള കമ്പനി നടത്തുന്ന മനോജിനെ സമീപിച്ചു. മനോജ് മൂവായിരം രൂപ നല്‍കിയെങ്കിലും അത് വാങ്ങാൻ പിരിവിനെത്തിയ ബിജെപി ഭാരവാഹികള്‍ തയ്യാറായില്ല. അന്ന് വൈകുന്നേരമാണ് ജില്ലാ കമ്മിറ്റിയംഗം സുഭാഷ് മനോജിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്

ഈ വര്‍ഷം എട്ട് പ്രാവശ്യമാണ് ബിജെപിക്ക് മനോജ് സംഭാവന നല്‍കിയത്. ഇതിന്‍റെ രസീതുകള്‍ പിരിവിനെത്തിയ ബിജെപി പ്രവര്‍ത്തകരെ കാണിച്ചെങ്കിലും അയ്യായിരത്തില്‍ ഒരു രൂപ പോലും കുറയില്ലെന്ന് അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് അന്ന് തന്നെ മനോജ് വാട്സ്ആപ്പ് ഫോണ്‍ സംഭാഷണം അയച്ച് കൊടുത്തു. പൊലീസിലും പരാതിപ്പെട്ടു.