പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന ഭാരവാഹി യോഗത്തിലും കോര്‍ കമ്മിറ്റിയിലും കുമ്മനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന വിലയിരുത്തലാണ് കോര്‍കമ്മിറ്റി യോഗത്തില്‍ ഉണ്ടായത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഏകപക്ഷീയമായാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലത്തെക്കുറിച്ച് പഠിക്കാതെയോ വിലയിരുത്താതെയോ ആയിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത് തുടങ്ങിയ പരാതികളാണ് യോഗങ്ങളില്‍ ഉയര്‍ന്നത്. തുടര്‍ന്നാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് കുമ്മനം രാജശേഖരന്‍ അറിയിച്ചത്. തോല്‍വി അനാഥമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാളെ നടക്കാനിരിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും രൂക്ഷമായ വിമര്‍ശനം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉണ്ടാകുമെന്നാണ് സൂചന.
