2014ല്‍ ബിജെപി പ്രചാരണം തുടങ്ങിയത് വാരണാസിയില്‍ നിന്ന്

ലഖ്‍നൗ: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടങ്ങുന്നു. ഭക്ത കവി കബീ‌ർദാസിന്‍റെ സമാധി സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശിലെ മാഘറിൽ നിന്നാണ് പ്രചാരണം തുടങ്ങുന്നത്. ഹിന്ദു മത വിശ്വാസികള്‍ കബീറിനായി നിര്‍മിച്ച സമാധി സ്ഥലവും ഇസ്ലാം മത വിശ്വാസികൾ നിര്‍മിച്ച ശവകുടീരവും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ദളിതരുടെയും പിന്നോക്ക ജാതിക്കാരുടെയും മുസ്ലീങ്ങളുടെയും പിന്തുണ ലക്ഷ്യമിട്ടാണ് മോദി, മാഘര്‍ തെര‍ഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ. യു.പിയിലെ ഉപതെരഞ്ഞെടുപ്പുകള്‍ എസ്‍പി-ബിഎസ്‍പി സഖ്യം വിജയിച്ച പശ്ചാത്തലത്തിലാണ് നീക്കം. 

2014 ൽ വാരണാസിയിൽ നിന്നാണ് മോദിയുടെ പ്രചാരണം തുടങ്ങിയത്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ ജയിച്ചതും വാരണാസി മണ്ഡലത്തില്‍ നിന്നായിരുന്നു. വാരണാസിയില്‍ നിന്ന് 200 കി.മീ അകലെയുള്ള സ്ഥലമാണ് മാഘര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തുടര്‍ച്ചയായി അഞ്ച് തവണ ലോക്സഭയിലേക്കയച്ച ഗൊരഖ്‍പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള പട്ടണവുമാണ് മാഘര്‍. എന്നാല്‍ ബിഎസ്‍പി പിന്തുണയോടെ എസ്‍പി സ്ഥാനാര്‍ഥിയാണ് ഈ വര്‍ഷം നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഗൊരഖ്‍പൂരില്‍ നിന്ന് വിജയിച്ചത്.