തിരുവന്‍വണ്ടൂരില്‍ 10 ബൂത്തുകളില്‍ ഒന്‍പത് എണ്ണത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി.

ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് മാത്രമല്ല ബിജെപിക്കും തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ശക്തമായ തിരിച്ചടിയാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ നല്‍കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവുമധികം വോട്ട് നേടി വലിയ ഒറ്റകക്ഷിയായ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പക്ഷേ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നു. തിരുവന്‍വണ്ടൂരില്‍ 10 ബൂത്തുകളില്‍ ഒന്‍പത് എണ്ണത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി.

ആദ്യം വോട്ടെണ്ണിയ മാന്നാര്‍ പഞ്ചായത്തിലെ 13 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ആയിരത്തിലധികം വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകള്‍ കൂടിയായപ്പോള്‍ ഇടതുപക്ഷം ലീഡ് രണ്ടായിരത്തിനും അപ്പുറത്തേക്ക് എത്തിച്ചു. രണ്ടും യുഡിഎഫിന് സ്വാധീനമുള്ള പഞ്ചായത്തുകളായിരുന്നു. മൂന്നാം റൗണ്ടില്‍ ബിജെപി സ്വാധീനമുള്ള തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫ് തന്നെ മേധാവിത്വം നിലനിര്‍ത്തി. അതിന് ശേഷം യുഡിഎഫ് ഭരിക്കുന്ന ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടുകളാണ് എണ്ണുന്നത്. ഇവിടെയും സജി ചെറിയാന്‍ തന്നെയാണ് മേല്‍ക്കൈ നിലനിര്‍ത്തുന്നത്. ഇനി വോട്ടെണ്ണാനിരിക്കുന്ന പഞ്ചായത്തുകളെല്ലാം ഇടതുമുന്നണിക്ക് സ്വാധീനമുള്ളവയാണ്.