തിരുവനന്തപുരം: മെഡിക്കല്‍ കോഴ കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശിന് വിജിലന്‍സ് നോട്ടീസ്. രമേശ് കോഴ വാങ്ങിയതായി പാര്‍ട്ടി അന്വേഷണ സമിതിയിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ചെര്‍പ്പളശ്ശേരി കേരള മെഡിക്കല്‍ കോളജ് ഉടമ ഡോ.നാസറിനും വിജിലന്‍സ് നോട്ടീസച്ചു.
ബിജെപിയുടെ രണ്ടംഗ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് എം.ടി.രമേശിനെതിരെ പരമാര്‍ശം ഉണ്ടായിരുന്നത്. കോഴ ഇടപാടിനെ കുറിച്ച് അന്വേഷണ കമ്മീഷനില്‍ മൊഴി നല്‍കിയ വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ഷാജിയാണ് കോളജുകള്‍ക്ക് അഫിലേഷന്‍ വാങ്ങി നല്‍കുന്നതില്‍ രമേശിന് പങ്കുണ്ടെന്ന് വ്യക്തമാക്കിയത്.
കോളജുകള്‍ക്ക് അഫിലിയേഷന്‍ ലഭിക്കാന്‍ രമേശ് വഴി ദില്ലയില്‍ പണമെത്തിച്ചതായി ചെര്‍പ്പളശ്ശേരി കേരള മെഡിക്കല്‍ കോളജിന്റെ എംഡി നാസര്‍ പറഞ്ഞുവെന്നായിരുന്നു ഷാജിയുടെ മൊഴി. രമേശിനെ സഹായിച്ചത് ദില്ലിയിലെ ഇടനിലക്കാരന്‍ സതീഷ് നായരാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എം.ടി.രമേശിനൊടും നാസറിനോടും ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയത്.
ഈ മാസം 31ന് എസ്പി ജയകുമാറിനു മുന്നില്‍ ഹാജരാകുമെന്ന് രമേശ് അറിയിച്ചിട്ടുണ്ട്. ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായിരുന്ന ശ്രീശനും നസീറും രമേശിനെതിരെ കണ്ടെത്തലുകളില്ലെന്നാണ് വിജിലന്‍സിന് നല്‍കിയ മൊഴി. കുമ്മനം രാജശേഖരനും രമേശിനെതിരായ പരമാര്‍ശത്തെ തള്ളിയിരുന്നു. ബാര്‍കോഴ കേസില്‍ ഇതുവരെ അന്വേഷണത്തെ സഹായിക്കുന്ന തെളിവോ മൊഴിയ വിജിലന്‍സിന് ലഭിച്ചിട്ടില്ല. അന്വേഷണം അവസഘട്ടത്തിലെത്തിയ സഹാചര്യത്തിലാണ് രമേശിന്റെ മൊഴി കൂടി രേഖപ്പെടുത്തുന്നത്.
