കോട്ടയം: വിദ്വേഷ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കുമിടെ ബിജെപിയുടെ നിര്‍ണ്ണായക നേതൃയോഗങ്ങൾക്ക് ഇന്ന് കോട്ടയത്ത് തുടക്കം. എ എൻ രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ സി.കെ പത്മനാഭൻ പരസ്യമായി രംഗത്തു വന്ന പശ്ചാത്തലത്തിൽ ഈ വിഷയം മുഖ്യ ചർച്ചയായേക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കം ദേശീയ നേതൃത്വം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളും പാര്‍ട്ടിയോഗങ്ങളിൽ പ്രധാന ചർച്ചയാകും.

കത്തിനിൽക്കുന്ന വിവാദങ്ങളും നേതാക്കൾക്കിടയിലെ കടുത്ത അഭിപ്രായ ഭിന്നതയും. പ്രധാനം കമൽ വിവാദം തന്നെ. സംവിധായകൻ കമൽ നാടുവിട്ട് പോകണമെന്ന ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണന്റെ പരാമര്‍ശം പാര്‍ട്ടിക്കകത്തും പുറത്തും വലിയ ചർച്ചയാണ്. വിദ്വേഷ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് മുൻ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ സികെ പദ്‍മനാഭനും പാര്‍ട്ടി വക്താവ് എംഎസ് കുമാറും അടക്കമുള്ളവർ രംഗത്തെത്തി. എ എൻ രാധാകൃഷ്ണന്റേത് വ്യക്തിപമായ പരാമര്ശമെന്ന് വിലയിരുത്തിയ കുമ്മനം രാജശേഖരനാകട്ടെ മോദിയേയും സുരേഷ്ഗോപിയെയും വിമര്‍ശിച്ചതിന്റെ പേരിൽ കമലിനെതിരെ ഫേസ് ബുക്കിൽ പ്രതികരിക്കുകയും ചെയ്തു.

കലങ്ങിമറിഞ്ഞരാഷ്ട്രീയ സാഹചര്യങ്ങൾ നേതൃയോഗങ്ങളിലും പ്രതിഫലിക്കുമെന്ന് ഉറപ്പ് . അനൗദ്യോഗിക നേതൃയോഗങ്ങൾ രാവിലെ തുടങ്ങുമെങ്കിലും വൈകീട്ട് മൂന്ന് മണിക്കാണ് കോര്‍ കമ്മിറ്റി യോഗം. തുടര്‍ന്ന് സംസ്ഥാന ഭാരവാഹി യോഗവും അടുത്ത ദിവസം സംസ്ഥാന കമ്മിറ്റിയോഗവും ചേരും . കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷനായി മുഴുവൻ ഭാരവാഹികളെയും പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കൗണ്‍സിൽ യോഗമാണ് കോട്ടയത്ത് നടക്കുന്നത്. വെങ്കയ്യ നായിഡു സംസ്ഥാന കൗൺസിലിൽ പങ്കെടുക്കും.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നേരത്തെ തന്ന സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് മുന്നോട്ട് പോകണമെന്ന ആവശ്യം അമിത് ഷാ മുന്നോട്ട് വച്ചിട്ടുണ്ട്,. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി ഘടകങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാറിൻറെ നയങ്ങളെ താഴെ തട്ടിലേക്കെത്തിക്കാനുള്ള കര്‍മ്മ പരിപാടികളും നേതൃയോഗങ്ങളിൽ ചര്‍ച്ചയാകും.