സംഗീത് സോമിന്‍റെ നിയോജക മണ്ഡലത്തിൽ കൂട്ട ബലാത്സംഘത്തിന് ഇരയായ പതിനാല് വയസ്സുകാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചിട്ടും എംഎല്‍എ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ച് ആളുകൾ രംഗത്തെത്തിയിരുന്നു. ഈ സമയത്തായിരുന്നു ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്.
ലക്നൗ: ബിജെപി എംഎൽഎ സംഗീത് സോമിനെ കാണാനില്ലെന്ന് വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. ആഗസ്ത് 15 മുതൽ ബിജെപി എംഎൽഎ സംഗീത് സോമിനെ തന്‍റെ മണ്ഡലത്തിൽ കാണാനില്ലെന്ന തരത്തിലുള്ള സന്ദേശമാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. സംഗീത് സോമിന്‍റെ നിയോജക മണ്ഡലത്തിൽ കൂട്ട ബലാത്സംഘത്തിന് ഇരയായ പതിനാല് വയസ്സുകാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചിട്ടും എംഎല്‍എ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ച് ആളുകൾ രംഗത്തെത്തിയിരുന്നു. ഈ സമയത്തായിരുന്നു ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്.
"ആഗസ്ത് 15 മുതൽ സംഗീത് സോമിനെ കാണാനില്ല. സർധാന സംഭവവുമായി ബന്ധപ്പെട്ട് നിങ്ങളോട് ആരും ഒന്നും പറയില്ല. നിങ്ങൾ സമ്മർദ്ദത്തിലാകേണ്ട, കാരണം അത് നിങ്ങളുടെ മകളല്ല. നിങ്ങൾ സമൂഹത്തിന് അപമാനകരമാണ്, വോട്ടുകളാണ് നിങ്ങളുടെ പ്രധാന ആശങ്ക. ആരും നിങ്ങളുടെ നെഞ്ച് അളക്കാൻ പോകുന്നില്ല. സോമ് എവിടെയാണെന്നുള്ളതിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 101 രൂപ പ്രതിഫലം നൽകും”- എന്ന കുറിപ്പോടെയുള്ള സന്ദേശമാണ് പ്രചരിച്ചിരുന്നത്.
സംഭവത്തിൽ സർധാന സ്വദേശിയായ ഐജാസ് ഖത്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഗീത് സോമിനെ കാണാനില്ലെന്ന സന്ദേശം ബി ജെ പി പ്രവർത്തകർ ഉൾപ്പെടുന്ന വ്യാപാരികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഐജാസ് ഖത്രി പങ്കുവച്ചത്. സന്ദേശത്തെക്കുറിച്ച് പാർട്ടി പ്രവർത്തകർ മുതിർന്ന നേതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ബിജെപി പ്രവർത്തകർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐജാസ് ഖത്രിയുൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് ഐടി ആക്റ്റ് പ്രകാരം കേസെടുത്തു.

മീററ്റിലെ സർധാനയിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി ആറ് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ട ബലാത്സംഘത്തിന് ഇരയാക്കുകയായിരുന്നു. ഇതിന് ശേഷം കുട്ടിയെ ഇവർ തീ കൊളുത്തി കൊലപ്പടുത്താനും ശ്രമിച്ചു. സംഭവത്തിൽ 60 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ എംഎല്‍എ സംഗീത് സോമും എംപി സഞ്ജീവ് ബല്യാനും സന്ദർശിച്ചിരുന്നു.
