അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കാനാണ് എക്സിക്യൂട്ടീവ് ചേരുന്നത്. അടുത്ത കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട അണികൾക്ക് ഊർജം പകരാനും എക്സിക്യൂട്ടീവ് ലക്ഷ്യമിടുന്നു. 

ദില്ലി: ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ദില്ലിയിലെ രാംലീലാ മൈതാനിയിൽ തുടങ്ങി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കാനാണ് എക്സിക്യൂട്ടീവ് ചേരുന്നത്. അടുത്ത കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട അണികൾക്ക് ഊർജം പകരാനും എക്സിക്യൂട്ടീവ് ലക്ഷ്യമിടുന്നു. 

മുന്നാക്കസംവരണബില്ലും, പട്ടികജാതി-പട്ടികവർഗനിയമഭേദഗതിയും അടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം ഉയർത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തെല്ലാം തന്ത്രങ്ങൾ സ്വീകരിക്കണം, ഏതെല്ലാം കേന്ദ്രസർക്കാർ പദ്ധതികൾ പ്രധാനപ്രചാരണവിഷയങ്ങളാക്കണം എന്നതും എക്സിക്യൂട്ടീവിൽ ചർച്ചയാകും. 

ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എക്സിക്യൂട്ടീവ് യോഗമാണ് നടക്കുന്നത്. 12,000-ത്തോളം അംഗങ്ങളാണ് ഈ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നത്. പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് ഉദ്ഘാടനപ്രസംഗം നടത്തിയത്. നാളെ വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന്‍റെ സമാപനപ്രസംഗം നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പിലെ അജണ്ടകളെക്കുറിച്ച് മോദി പ്രസംഗത്തിൽ സംസാരിക്കും. 

2019-ലും മോദി സർക്കാർ അധികാരത്തിൽ വരുമെന്നാണ് ഉദ്ഘാടനപ്രസംഗത്തിൽ അധ്യക്ഷൻ അമിത് ഷാ അവകാശപ്പെട്ടത്. മോദിയുടെ വികസനപദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരണം - അമിത് ഷാ പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഉറപ്പാക്കിയ കേന്ദ്രസർക്കാർ നടപടി ഏറെക്കാലമായി ഇന്ത്യൻ ജനതയുടെ ആവശ്യമായിരുന്നെന്നാണ് അമിത് ഷാ പറഞ്ഞത്. ''ചെറുകിട വ്യവസായികൾക്കും വ്യാപാരികൾക്കും ജിഎസ്ടി രജിസ്ട്രേഷൻ വ്യവസ്ഥകൾ ഉദാരമാക്കിയ മോദി സർക്കാരിന്‍റെ നടപടികൾ അഭിനന്ദനാർഹമാണ്. ഇത് ചെറുകിടവ്യവസായങ്ങൾ വളരാൻ സഹായകമാകും. രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യവികസനത്തിന് ഉതകുന്ന രണ്ട് പ്രധാനതീരുമാനങ്ങൾ എടുത്തതിന് ഞാൻ സർക്കാരിനെ അഭിനന്ദിക്കുന്നു.'' അമിത് ഷാ പറ‌ഞ്ഞു.

Scroll to load tweet…

''നരേന്ദ്രമോദിയെപ്പോലെ ജനപ്രിയനേതാവ് ഈ ലോകത്തിലെങ്ങുമില്ല. ഉത്തർ‍പ്രദേശിൽ 72 മുതൽ 74 സീറ്റുകൾ വരെ നേടുമെന്നാണ് എന്‍റെ പ്രവചനം. സംസ്ഥാനത്ത് ബിജെപി അനുകൂലതരംഗം പ്രകടമാണ്.'' അമിത് ഷാ വ്യക്തമാക്കി. 

മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവരും എക്സിക്യൂട്ടീവിൽ പങ്കെടുക്കുന്നുണ്ട്.

Scroll to load tweet…