അലിഗഡ് സര്‍വ്വകലാശാലയില്‍ സംഘര്‍ഷം മുഹമ്മദലി ജിന്നയുടെ ചിത്രത്തിന്‍റെ പേരില്‍ മുന്നറിയിപ്പുമായി ബിജെപി ജിന്നയെ പിന്തുണച്ച എസ്പി എംപി എംപിയുടെ കോലം ബിജെപി കത്തിച്ചു

ദില്ലി: അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ സംഘര്‍ഷം രാഷ്ട്രീയ ഏറ്റുമുട്ടലായി മാറുന്നു. മുഹമ്മദലി ജിന്നയുടെ ചിത്രം 48മണിക്കൂറിനകം സര്‍വ്വകലാശാലയില്‍ നിന്ന് മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജിന്നയെ പിന്തുണച്ച് പ്രസ്താവന നടത്തിയ സമാജ്വാദി എംപിയുടെ കോലം ബിജെപി കത്തിച്ചു.

പാക്കിസ്ഥാന്‍ രാഷ്ട്ര പിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ തൂക്കിയിരിക്കുന്നതിന്‍റെ പേരിലാണ് സംഘര്‍ഷം തുടങ്ങിയത് . മഹാത്മാഗാന്ധിക്ക് ഒപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത നേതാവാണ് മുഹമ്മദലി ജിന്നയെന്നും വിവാദങ്ങള്‍‍ അനാവശ്യമെന്നുമുള്ള പ്രസ്താവനയുമായി സമാജ്വാദി പാര്‍ട്ടി എംപി പ്രവീണ്‍ നിഷാദ് രംഗത്തെത്തി.

സമാജ്‍വാദി പാര്‍ട്ടി നേതാവിന്‍റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ബിജെപി ജിന്നയുടെ ചിത്രം ഉടന്‍ സര്‍വ്വകലാശാലയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ ഭവിഷത്തുകള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി.സര്‍വ്വകലാശാല സ്ഥപകരില്‍ ഒരാളായ മുഹമ്മദലി ജിന്നയുടെ ചിത്രം 1938ല്‍ യൂണിയന്‍ ഓഫീസില്‍ സ്ഥാപിച്ചതാണെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ചൂണ്ടികാട്ടുന്നു.

ജിന്നയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയ്ക്ക് അകത്ത് നടത്തിയ അക്രമത്തില്‍ മൂന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. 28 വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍വ്വലാശാലയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി.

സമരത്തിന് പിന്തുണയുമായി ജെഎന്‍യു,അലഹാബാദ് സര്‍വ്വകലാശാല, ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും രംഗത്തെത്തി. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിനും വിദ്യാര്‍ത്ഥികള്‍ കത്തയച്ചു. സര്‍വ്വകലാശാലയിലും പരിസരത്തും പ്രഖ്യാപിച്ച നിരോധനാജ്ഞന തുടരുകയാണ്.