ദില്ലി: ദില്ലി നിയമസഭയില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം സ്ഥാപിക്കുന്നതിനെതിരെ ബി.ജെ.പി രംഗത്തെത്തി. ദില്ലിയുടെ ചരിത്രത്തില്‍ ടിപ്പു ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് ബി.ജെ.പി ആരോപിച്ചപ്പോള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ച ഏതെങ്കിലും ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുണ്ടെങ്കില്‍ അവരുടെ പേര് പറയണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി വെല്ലുവിളിച്ചു.

രാഷ്‌ട്ര നിര്‍മാണത്തിന് നേതൃത്വം നല്‍കിയവരും സ്വാതന്ത്ര്യ സമര സേനാനികളും ഉള്‍പ്പെടെ 70 പേരുടെ ചിത്രങ്ങള്‍ നിയമസഭയില്‍ സ്ഥാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചത്. ദില്ലിയിലെ 70 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ് 70 ചിത്രങ്ങള്‍ വയ്‌ക്കാനുള്ള തീരുമാനമെടുത്തത്. ഇക്കൂട്ടത്തില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം ഉള്‍പ്പെടുത്തിയതാണ് ബി.ജെ.പി എം.എല്‍.എമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വിവാദങ്ങളുള്ള ഒരാളുടെ ചിത്രം സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. ദില്ലിയുടെ ചരിത്രത്തില്‍ ഏതെങ്കിലും സംഭാവനകള്‍ നല്‍കിയിട്ടുള്ള ആളോണോ ടിപ്പു സുല്‍ത്താനെന്നും അദ്ദേഹം ചോദിച്ചു. 

എന്നാല്‍ സ്വാതന്ത്ര്യത്തിന് വേണ്ടി എന്തെങ്കിലും ത്യാഗം സഹിച്ച ആരെങ്കിലും നിങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടോയെന്ന് ചോദിച്ചായിരുന്നു ബി.ജെ.പിയെ ആം ആദ്മി പാര്‍ട്ടി നേരിട്ടത്. ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ ആരെങ്കിലും സ്വതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പേര് നിര്‍ദേശിക്കാന്‍  ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സൗരഭ് ഭരദ്വാജ് പരിഹസിച്ചു. ബി.ജെ.പി അനാവശ്യ വിവാദങ്ങള്‍ സൃഷ്‌ടിക്കുകയാണെന്ന് സ്‌പീക്കര്‍ റാം നിവാസ് ഗോയല്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടനയുടെ 144-ാം പേജില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം നല്‍കിയിട്ടുണ്ടെന്ന് അവര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.