ദില്ലി: ലോക്‌സഭാ സീറ്റുകളിലേക്കും എട്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി ജെ പി നില മെച്ചപ്പെടുത്തി. മുഖ്യമന്ത്രി സര്‍ഹബാനന്ദസോനോവാള്‍ ഒഴിഞ്ഞ അസമിലെ ലഖിംപൂര്‍, മധ്യപ്രദേശിലെ ഷാദോള്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറുകയാണ്. പശ്ചിമബംഗാളിലെ സിറ്റിംഗ് ലോക്‌സഭാ സീറ്റുകളായ കുച്ച്ബിഹാറും തംലുകും തൃണമൂല്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ബംഗാളിലെ മൊണ്ടേശ്വര്‍ നിയമസഭ തീറ്റില്‍ 40,000ത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച തൃണമൂല്‍ സ്ഥാനാര്‍ത്ഥി സാമന്ദ പാഞ്ച സീറ്റ് നിലനിര്‍ത്തി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമൊഴുക്കിയതിനെതുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി രംഗസ്വാമി ജയിച്ചു. അരവാക്കുറിച്ചിയും എഐഎഡിഎംകെ വിജയം ഉറപ്പിച്ചു. ത്രിപുരയിലെ ബര്‍ജാലയില്‍ കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്ത സിപിഐ(എം) ഖൊവായിയും നേടി നില മെച്ചപ്പെടുത്തി. രണ്ടിടങ്ങളിലും കോണ്‍ഗ്രസിനെ പിന്തള്ള ബിജെപി രണ്ടാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി. പുതുച്ചേരി നെല്ലിത്തോപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വി നാരായണ സ്വാമി 11,142 വോട്ടിന് ജയിച്ചു.