ജനങ്ങളോട് സ്വീകരിക്കുന്ന സമീപനം താലിബാൻ മോഡലാണ്. ബിജെപിയ്ക്ക് ലഭിക്കുന്ന പിന്തുണയിൽ മമത അസ്വസ്ഥയാണെന്നും അതുകൊണ്ടാണ് അവർ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ 'താലിബാനി ദീദി' എന്ന് വിശേഷിപ്പിച്ച് ബിജെപി വക്താവ് സംപിത് പത്ര. ഈസ്റ്റ് മിഡ്‌നാപൂരില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിച്ച റാലിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ബിജെപി പ്രവർത്തകർ സഞ്ചരിച്ച ബസ്സ് തല്ലിത്തകർക്കുകയും തീവെയ്ക്കുകയും ചെയ്തിരുന്നു. തൃണമൂൽ പ്രവർത്തകരാണ് ഈ ആക്രമണത്തിന് പിന്നിലെന്നും 'താലിബാനി ദീദി'യെപ്പോലെയാണ് മമതാ ബാനർജി പെരുമാറുന്നതെന്നുമായിരുന്നു സംപിത് പത്രയുടെ ആരോപണം. 

”ബി.ജെ.പി പ്രവർത്തകർക്ക് നേരെ അവര്‍ കല്ലെടുത്ത് വലിച്ചെറിഞ്ഞു. ബസ്സുകള്‍ അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തു. പശ്ചിമബംഗാളിലെ നിലവിലെ സാഹചര്യം ഇതാണ്. ഇതാണ് മമതാ ബാനര്‍ജിയുടെ യഥാര്‍ത്ഥ മുഖം. – സംപിത് പത്ര പറയുന്നു. അവർ ജനങ്ങളോട് സ്വീകരിക്കുന്ന സമീപനം താലിബാൻ മോഡലാണ്. ബിജെപിയ്ക്ക് ലഭിക്കുന്ന പിന്തുണയിൽ മമത അസ്വസ്ഥയാണെന്നും അതുകൊണ്ടാണ് അവർ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതാ സര്‍ക്കാരിന് കീഴില്‍ താലിബാനി ശക്തികള്‍ ബംഗാളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്നലെത്തെ സംഭവം അതാണ് വെളിവാക്കുന്നതെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ഇതെന്നും സംപിത് പത്ര ആരോപിച്ചു. 

''സംസ്ഥാനത്ത് സിബിഐയെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. ബി.ജെ.പി നേതാക്കള്‍ നടത്തുന്ന റാലികളും യാത്രകളും അനുവദിക്കുന്നില്ല.. ഇന്ത്യന്‍ സൈന്യത്തേയും ബി.എസ്.എഫിനേയും വിശ്വാസമില്ല. ജനാധിപത്യപരമായ ഒന്നും നിങ്ങൾ ഇവിടെ അനുവദിക്കുന്നില്ല. ഇതാണോ നിങ്ങളുടെ ജനാധിപത്യം?'' -സംപീത് പത്ര ചോദിക്കുന്നു. അക്രമത്തിലൂടെ പേടിപ്പിക്കാമെന്ന് കരുതണ്ടെന്നും സംപീത് പത്ര കൂട്ടിച്ചേർത്തു.