മൂന്ന് മാസത്തിനുള്ളില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബിജെപി കൂടുതല്‍ സുഗമമാക്കുന്ന ഫലമാണ് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നല്‍കുന്നത്. ലോക്‌സഭയിലേയും രാജ്യസഭയിലെയും അംഗങ്ങളും സംസ്ഥാന നിയമസഭാ അംഗങ്ങളും ചേര്‍ന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 4120 എംഎല്‍എമാരും 776 എംപിമാരും ഉള്‍പ്പെടുന്ന 4896 ഇലക്ടറല്‍ വോട്ടര്‍മാരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഒരു എംപിയുടെ വോട്ടിന് 708 ആണ് മൂല്യം. ആകെ ജയിക്കാന്‍ 5,49,001 മൂല്യം വോട്ട് വേണം. 338 എംപിമാരും 1126 എംഎല്‍എമാരുമാണ് 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായിരുന്നത്. അതായത് ഒറ്റക്ക് ജയിക്കാന്‍ 75,000 മൂല്യം വോട്ട് കൂടി വേണമായിരുന്നു. ഉത്തര്‍പ്രദേശില്‍ നേടിയ 324 പേരുടെ പിന്തുണകൂടി കിട്ടുമ്പോള്‍ 67,392 വോട്ട് മൂല്യം കൂടി കിട്ടും. അടുത്ത മാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം കൂടി വരുന്നതോടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ പഞ്ചാബിലെ തിരിച്ചടി മൂലം കുറയുന്ന വോട്ടുകള്‍ എന്‍ഡിഎക്ക് പുറത്ത് നിന്ന് പ്രമുഖപ്രദേശികപാര്‍ട്ടിയിലൂടെ നികത്താനാണ് ആലോചന. തെലുങ്കാനയിലെ ടി ആര്‍ എസ്, ഒഡീഷയിലെ ബിജു ജനതാദള്‍ എഐഎഡിഎംകെ തുടങ്ങിയ പാര്‍ട്ടികളിലേതെങ്കിലും പിന്തുണയാണ് പ്രതീക്ഷിക്കുന്നത്.