Asianet News MalayalamAsianet News Malayalam

ഭരണവിരുദ്ധവികാരമെന്ന് രഹസ്യസര്‍വ്വേ: യുപിയില്‍ ബിജെപി പുതുമുഖങ്ങളെ രംഗത്തിറക്കും

എസ്പി- ബിഎസ്പി സഖ്യമുയര്‍ത്തുന്ന വെല്ലുവിളി, യോഗി ആദിത്യ നാഥിനെതിരായ ഭരണ വിരുദ്ധ വികാരം, ഉപതെരഞ്ഞെടുപ്പ് തോല്‍വി തുടങ്ങിയവ മറികടക്കാനാണ് ബിജെപി പുതുമുഖ പരീക്ഷണത്തിന് ഒരുങ്ങുന്നത്. 

bjp to place new faces in upcoming general elections in up
Author
Delhi, First Published Jan 14, 2019, 1:15 PM IST

ദില്ലി: ഉത്തര്‍ പ്രദേശിൽ ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങി ബിജെപി. സിറ്റിങ് എംപിമാരില്‍ 57 പേര്‍ പരാജയപ്പെടുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പുതുമുഖങ്ങളെ രംഗത്തിറക്കാൻ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്. മഹാസഖ്യത്തിന് പുറത്തായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കാന്‍ ഉന്നതതല യോഗം വിളിച്ചു. 

എസ്പി. ബിഎസ്പി സഖ്യമുയര്‍ത്തുന്ന വെല്ലുവിളി, യോഗി ആദിത്യ നാഥിനെതിരായ ഭരണ വിരുദ്ധ വികാരം, ഉപതെരഞ്ഞെടുപ്പ് തോല്‍വി തുടങ്ങിയവ മറികടക്കാനാണ് ബിജെപി പുതുമുഖ പരീക്ഷണത്തിന് ഒരുങ്ങുന്നത്. സംസ്ഥാനത്തെ ജനവികാരമറിയാന്‍ യുഎസ് കേന്ദ്രമായ ഗവേഷക സംഘത്തെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉത്തര്‍ പ്രദേശിലേക്ക് അയച്ചിരുന്നു.   

822 ബ്ലോക്കുകളിലായി ഒരു ലക്ഷത്തിനടുത്ത് വോട്ടർമാരുമായി സംഘം കൂടിക്കാഴ്ച നടത്തി. നിലവിലെ 71 ബിജെപി എംപിമാരില്‍ 57 പേര്‍ പാസ് മാര്‍ക്ക് നേടിയില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഇവർ ജനങ്ങളിൽ നിന്ന് അകന്നെന്നും സംഘം റിപ്പോർട്ട് നല്കി. ഈ മണ്ഡലങ്ങളിൽ പുതുമുഖ സ്ഥാനാർത്ഥികൾ വന്നേക്കും.  

നേരത്തെ രാജസ്ഥാനിലും സമാനമായ രീതിയില്‍ ഒരു സര്‍വ്വേ ബിജെപി കേന്ദ്രനേതൃത്വം നടത്തിയിരുന്നു. നിയമസഭാ തിര‍ഞ്ഞെടുപ്പിനും ആറ് മാസം മുന്‍പ് നടത്തിയ സര്‍വ്വേയില്‍ 200 സീറ്റില്‍ വെറും അന്‍പത് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് പ്രവചിച്ചത്. ഇതേ തുടര്‍ന്ന് ദേശീയ നേതൃത്വം രാജസ്ഥാനില്‍ ശക്തമായി ഇടപെടുകയും സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടെ മാറ്റം കൊണ്ടു വരികയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ വലിയ പരാജയത്തില്‍ നിന്നും ആണ് പാര്‍ട്ടി പൊരുതി കയറിയതെന്ന് അമിത്ഷാ പറഞ്ഞതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

മഹാസഖ്യത്തിന് പുറത്തുപോയ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി. നാളെ കോർകമ്മിറ്റി ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി ചർച്ച ചെയ്യും. ഇതിനിടെ ശനിയാഴ്ച കൊല്ക്കത്തയിൽ മമതാ ബാനർജി നടത്തുന്ന പ്രതിപക്ഷ റാലിയിൽ നിന്ന് പാർട്ടി വിട്ടു നില്ക്കണമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും മമത റാലിക്കായി ക്ഷണിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios