ചെന്നൈ: ബിജെപി യുവമോർച്ചയുടെ ദേശീയ പ്രസിഡിൻ്റ് പൂനം മഹാജൻ സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ചെന്നെയിലെ വസതിയിലെത്തി സന്ദർശിച്ചതിൻ്റെ പിന്നിൽ രാഷ്ട്രീയ അജണ്ടയോ? രജനീകാന്ത് ബിജെപിയിൽ ചേരുമോ? നിരവധി ചോദ്യങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കെ സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പൂനം മഹാജൻ പ്രതികരിച്ചു.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പൂനം മഹാജൻ തന്നെ ട്വിറ്ററിലൂടെ പങ്ക് വെക്കുകയായിരുന്നു. രജനീകാന്തിൻ്റെ ഭാര്യ ലതക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. രജനീകാന്തിനെ കാണാനായതിൽ ഏറെ സന്തോഷമുണ്ടെന്നും. അദ്ദേഹം തന്നെ വ്യക്തിപരമായി പിന്തുണയ്ക്കുന്ന ആളാണെന്നും പൂനം പറഞ്ഞു. 

ബിജെപി യുവജന വിഭാഗത്തിൻ്റെ റാലിയിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു മുംബൈയിൽ നിന്നുള്ള ബിജെപി എംപി കൂടിയായ പൂനം മഹാജൻ. എന്നാൽ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് അഭ്യൂഹങ്ങൾ. രജനീകാന്ത് ബിജെപിയിലേക്ക് ചേരുമെന്നും ഈ വർഷം സ്വന്തമായി രാഷ്ട്രീയ പാർട്ടി തുടങ്ങുമെന്നും പല അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തിലാണ് പൂനം മഹാജൻ്റെ സന്ദർശനം.