കണ്ണൂര്‍: ചുമരെഴുത്തുകളുടെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വെട്ടും കുത്തും പതിവായതോടെ കണ്ണൂരില്‍ കരി ഓയിലും ബ്രഷുമായി പൊലീസ് രംഗത്ത്. ഇലക്ട്രിക് പോസ്റ്റുകളിലേയും പൊതു മതിലുകളിലേയും ചുമരെഴുത്തകള്‍ ഒരാഴ്ച്ചക്കകം മായ്ക്കാന്‍ നിര്‍ദ്ദേശം. ആക്രമണസാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ കടുത്ത നടപടി. പൊതുസ്ഥലങ്ങള്‍ കൈയേറി സ്ഥാപിച്ച കൊടിതോരണങ്ങളും ബോര്‍ഡുകളും പിടിച്ചെടുക്കാനും എസ്.പിയുടെ നിര്‍ദേശമുണ്ട്.
ചുവപ്പും കാവിയുമൊക്കെയായി പല നിറത്തില്‍ പാര്‍ട്ടികള്‍ കൈയേറിയ ഇലക്ട്രിക് പോസ്റ്റുകളെ മോചിപ്പിക്കലാണ് ആദ്യനടപടി. പാര്‍ട്ടിക്കാരെഴുതിയത് മായ്ക്കാന്‍ പണിക്ക് ആളെ കിട്ടാന്‍ പാടായതോടെ പൊലീസുകാര്‍ തന്നെ കരി ഓയിലുമായി നേരിട്ടിറങ്ങേണ്ട അവസ്ഥയാണ്. ഇനിയുള്ള മാസങ്ങളില്‍ പാര്‍ട്ടി സമ്മേളനങ്ങളും ഉത്സവങ്ങളും ഒരുമിച്ചെത്തുന്നതോടെ എല്ലായിടത്തും മത്സരിച്ച് എഴുതി നിറക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇത് വാക്ക്തര്‍ക്കത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും കൊലപാതകങ്ങളിലേക്കും വരെ വഴിമാറുന്നതോടെ ഡിസംബറടക്കമുള്ള മൂന്ന് മാസങ്ങളില്‍ അക്രമസംഭവങ്ങള്‍ കുത്തനെ കൂടാറുണ്ടെന്നാണ് കണക്ക്. ഇതിനാലാണ് നടപടിയെന്ന് കണ്ണൂര്‍ എസ്പി ജി ശിവവിക്രം പറയുന്നു.
സമാധാന ചര്‍ച്ചയില്‍ എടുത്ത തീരുമാനമായിട്ടും നടപ്പാകാത്തതിനാലാണ്, പൊതുസ്ഥലം കൈയേറിയ ബോര്‍ഡുകള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി മുതല്‍ ഇന്ദിരാഗാന്ധിയും ചെഗുവരയും വരെയുള്ളവരെ എടുത്തുനീക്കുമ്പോള്‍ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തുമെന്നുറപ്പാണ്. പക്ഷെ മാലൂരിലും കാങ്കോലിലും കതിരൂരിലുമായി സംഘര്‍ഷങ്ങളില്‍ ഒറ്റരാത്രി കൊണ്ട് കിടപ്പിലായത് ഏഴ് പേരാണ്. അതിനാല്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന ശക്തമായ നിലപാടിലാണ് പൊലീസ്.
