കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു നാട്ടുകാര്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചു

കാസര്‍ഗോഡ്: കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹവുമായി നാട്ടുകാര്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസാണ്‌ ഉപരോധിച്ചത്.നിരന്തരമുണ്ടാകുന്ന വന്യമൃഗങ്ങളുടെ അക്രമണത്തിനെതിരെ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരി കുന്നില്ല എന്നാരോപിച്ചായിരുന്നു പ്രധിഷേധം.

കര്‍ഷക സംഘടനയായ ഇന്‍ഫാമിന്റെ നേതൃത്വത്തിലായിരുന്നു സമരം. വെള്ളരിക്കുണ്ട് ടൗണില്‍ നിന്നും ബുധനാഴ്‌ച വൈകിട്ട് നാലരയോടെ ആംബുലന്‍സില്‍ മൃതദേഹവുമായി നൂറുകണക്കിന് കര്‍ഷകര്‍ താലൂക്ക് ഓഫീസ് പരിസരത്ത് എത്തി.താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന ഉപരോധസമരം ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാദര്‍ ജോസഫ് ഒറ്റപ്ലാക്കല്‍ ഉദ്‍ഘാടനം ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് റബ്ബര്‍ ടാപ്പിംഗിനിടെ വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ കര്‍ഷകന്‍ മാടത്താനി ജോസ്(59)കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റബ്ബര്‍ ടാപ്പിംഗ് കഴിഞ്ഞ് പാലെടുത്തു കൊണ്ടിരിക്കുന്നതിനിടെ ജോസിനെ കാട്ടുപന്നി കുത്തിവീഴ്ത്തുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ജോസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

ജോസിന്റെ മൃതുദേഹം വ്യാഴാഴ്ച ആനമഞ്ഞള്‍ ഉണ്ണിമിശിഹാ ദേവാലയത്തില്‍ സംസ്‌കരിക്കും.കാസര്‍ഗോഡിന്‍റെ മലയോര പഞ്ചായത്തുകളായ ബളാല്‍, വെസ്റ്റ് എളേരി, കല്ലാര്‍, പനത്തടി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ കാട്ടുപന്നിയുടെ ശല്ല്യം രൂക്ഷമാണ്. കര്‍ഷകരെ അക്രമിക്കുന്നതോടൊപ്പം ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകളാണ് ഇവ നശിപ്പിക്കുന്നത്. ചിലഭാഗങ്ങളില്‍ കാട്ടാന ശല്യവും ഉണ്ട്. എന്നാല്‍ വന്യ മൃഗങ്ങളുടെ ആക്രമണം തടയാന്‍ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.