തിരുവനന്തപുരം: സുഖോയ് വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ഫ്‌ളൈറ്റ് ലഫ്റ്റനന്‍റ് അച്ചുദേവിന്‍റെതെന്ന് പേരില്‍ വീട്ടിലെത്തിച്ച പെട്ടിയില്‍ മൃതദേഹമില്ലായിരുന്നെന്ന വെളിപ്പെടുത്തലുമായി മാതാപിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി.
എ സമ്പത്ത് എംപി വഴിയാണ് പരാതി നല്‍കിയത്. അച്ചുദേവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അപകടം നടന്ന ആദ്യ മണിക്കൂറില്‍ പ്രതികൂല കാലാവസ്ഥയെന്നു പറഞ്ഞ് തിരച്ചില്‍ നടത്തിയില്ല. രണ്ടു ദിവസം കഴിഞ്ഞായിരുന്നു തിരച്ചില്‍. അച്ചുവിന്റേതെന്ന പേരില്‍ വീട്ടിലേയ്ക്ക് അയച്ചത് കാലി ശവപ്പെട്ടിയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന രണ്ടു വൈമാനികരുടേയും ശരീര ഭാഗങ്ങള്‍ കണ്ടെടുക്കാനായില്ലെന്നാണ് വ്യോമസേന ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം. അച്ചുദേവിന്റെ പേഴ്‌സിന്റെ ഒരു ഭാഗവും ഹരിയാന സ്വദേശിയായിരുന്ന സഹ വൈമാനികന്റെ ഷൂസിന്റെ ഒരു ഭാഗവും മാത്രമാണ് ലഭിച്ചത്. ബാക്കി കത്തിക്കരിഞ്ഞു പോയെന്നുമാണ് വ്യോമസേനയുടെ മൊഴി.
വൈമാനികര്‍ ദുരൂഹ സാഹചര്യത്തിലാണ് കാണാതായത് വ്യോമസേനയെ മാറ്റി നിര്‍ത്തി സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് സമ്പത്ത് എംപി പറഞ്ഞു. അച്ചുദേവും സഹപൈലറ്റും അവസാനമായി കണ്‍ട്രോള്‍ റൂമുമായി നടത്തിയ സംഭാഷണം വെളിപ്പെടുത്തണമെന്നും സത്യം തെളിയിക്കാന്‍ ഉപഗ്രഹ സഹായത്തോടെ തിരച്ചില്‍ തുടരണമെന്നും മാതാപിതാക്കള്‍ പറഞ്ഞു
