കണ്ണൂര്‍: ബിജെപി എംപി  വി മുരളീധരന്‍റെ തലശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയിൽ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോൾ എംപിയുടെ സഹോദരിയും  ഭർത്താവും ആണ് വീട്ടിലുണ്ടായിരുന്നത്.

തലശ്ശേരിയിലെ എംഎല്‍എ ഷംസീറിന്‍റെയും പി ശശിയുടെയും  വീടിന് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്‍റെ വീടും ആക്രമിക്കപ്പെട്ടത്. ഷംസീറിന്‍റെ  തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് രാത്രിയില്‍ വെട്ടേറ്റിരുന്നു. പെരുമ്പറ സ്വദേശി വിശാഖിനാണ് ഇരുട്ടിയില്‍ വെട്ടേറ്റത്. 

കണ്ണൂരില്‍ സിപിഎം ആര്‍എസ്എസ് വ്യാപക അക്രമം തുടരുകയാണ്. ഇന്നലെ നടന്ന ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. 

അതേസമയം സംഘർഷ ബാധിത പ്രദേശങ്ങളിൽ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫറുകളും റദ്ദാക്കി മടങ്ങി എത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. രാത്രിയിൽ പരിശോധനയും തിരച്ചിലും നടക്കും.