Asianet News MalayalamAsianet News Malayalam

മോദിക്കെതിരായ വിമര്‍ശനങ്ങള്‍; മറുപടിയുമായി ബിജെപി ബൗദ്ധിക് സെല്‍ മുന്‍ കണ്‍വീനറുടെ പുസ്തകം

അവാര്‍ഡ് തിരിച്ച് നല്‍കിയുള്ള പ്രതിഷേധം, നോട്ട് നിരോധനം, ന്യൂനപക്ഷകാര്യം, കിട്ടാക്കടം, റഫാല്‍ ഇടപാട്, വിദേശ നയം, മോദിയും അമിത്ഷായും തമ്മിലുള്ള ബന്ധവും സാമൂഹ്യ പരിഷ്കരണവും, തുടങ്ങിയ വിഷയങ്ങളാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്. 
 

book on modi will release in december first week
Author
Delhi, First Published Nov 17, 2018, 7:33 PM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖം മിനുക്കലിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പുസ്തകം പുറത്തിറങ്ങുന്നു. മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി ബൗദ്ധിക് സെല്‍ മുന്‍ കണ്‍വീനര്‍ രചിച്ച പുസ്തകമാണ് ഉടന്‍ പുറത്തിറങ്ങുക. 'നരേന്ദ്രമോദി: ക്രിയേറ്റിവ് ഡിസ്ട്രിബ്യൂട്ടര്‍ - ദ മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ'  (Narendra Modi: Creative Disruptor — The Maker of New India) എന്ന പുസ്തകമാണ് മോദിയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഡിസംബറില്‍ എത്തുന്നത്. 

പ്രധാനമന്ത്രി എന്ന നിലയില്‍ മോദി എടുത്ത തീരുമാനങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയാണ് പുസ്തകമെന്ന് രചയിതാവ് ആര്‍ ബാലശങ്കര്‍ പറഞ്ഞു. നേരത്തേ ഓര്‍ഗനൈസര്‍ എന്ന ആഴ്ചപതിപ്പിന്‍റ എഡിറ്ററായിരുന്നു ആര്‍ ബാലശങ്കര്‍. പുസ്കതകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ്. ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി ആമുഖവും, നിധിന്‍ ഗഡ്കരി തന്‍റെ കാഴ്ചപ്പാടുകളും  എഴുതിയിരിക്കുന്നു. 

ദില്ലിയില്‍ വച്ച് ഡിസംബര്‍ ആദ്യവാരമായിരിക്കും പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്യുക. അമിത് ഷാ പുസ്തകം പ്രകാശനം ചെയ്യും. പിന്നീട് ഹിന്ദി, ഗുജറാത്തി, പഞ്ചാബി, മറാത്തി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ലക്ഷം കോപ്പികള്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം. 

300 പേജുള്ള പുസ്തകത്തിന് 17 അധ്യായങ്ങളാണുള്ളത്. കഴിഞ്ഞ നാലര വര്‍ഷത്തെ 40 ഓളം 'അപൂര്‍വ്വവും പ്രസക്തവു'മായ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബാലശങ്കര്‍ ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അവാര്‍ഡ് തിരിച്ച് നല്‍കിയുള്ള പ്രതിഷേധം, നോട്ട് നിരോധനം, ന്യൂനപക്ഷകാര്യം, കിട്ടാക്കടം, റഫാല്‍ ഇടപാട്, വിദേശ നയം, മോദിയും അമിത്ഷായും തമ്മിലുള്ള ബന്ധവും സാമൂഹ്യ പരിഷ്കരണവും, തുടങ്ങിയ വിഷയങ്ങളാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്. 
 

Follow Us:
Download App:
  • android
  • ios